Sorry, you need to enable JavaScript to visit this website.

മൊഡേണയുടെ ഒറ്റ ഡോസ് വാക്‌സിന്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും 

ന്യൂദല്‍ഹി- യുഎസ് മരുന്നുകമ്പനിയായ മൊഡേണയുടെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. ഇതിനായി ഇന്ത്യയിലെ മുന്‍നിര മരുന്ന് കമ്പനിയായ സിപ്ല ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള സ്‌റ്റോക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മറ്റൊരു യുഎസ് കമ്പനിയായ ഫൈസര്‍ ഈ വര്‍ഷം തന്നെ ഇന്ത്യയ്ക്ക് അഞ്ച് കോടി ഡോസുകള്‍ നല്‍കാന്‍ തയാറാണ്. എന്നാല്‍ ഇന്ത്യയിലെ മരുന്നു വില്‍പ്പനാ, ഗുണമേന്മാ പരിശോധനാ നിയന്ത്രണങ്ങളാണ് ഇതിനു തടസ്സം. ഇതില്‍ ഇളവ് ലഭിച്ചാലെ ഈ വര്‍ഷം തന്നെ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയിലെത്തൂ.

കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് കേന്ദ്ര കാബിനെറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രണ്ടു ഉന്നത തല യോഗങ്ങള്‍ കഴിഞ്ഞയാഴ്ച നടന്നു. യോഗത്തില്‍ വിദേശകാര്യ മന്ത്രാലയം, നിതി ആയോഗ്, ബയോടെക്‌നോളജി വകുപ്പ്, ആരോഗ്യ മന്ത്രാലയം, നിയമ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 

വിദേശത്തു നിന്നും ആഭ്യന്തര വിപണിയില്‍ നിന്നും കൂടുതല്‍ വാക്‌സിന്‍ വേഗത്തില്‍ സംഭരിക്കുന്നതിനുള്ള വഴികളാണ് ചര്‍ച്ച ചെയ്തത്. നിലവിലെ വാക്‌സിന്‍ വിതരണം അപര്യാപ്തമായി തുടരുകയാണ്. ഭൂരിപക്ഷം ജനങ്ങളിലേക്കും ഇപ്പോഴും വാക്‌സിന്‍ എത്തിയിട്ടില്ല. ഇന്ത്യയില്‍ ഇപ്പോള്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ രണ്ടു വാക്‌സിനുകള്‍ മാത്രമാണ് വ്യാപകമായി വിതരണം ചെയ്യുന്നത്. ഇവ രണ്ടും ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. മൂന്നാമതായി റഷ്യന്‍ നിര്‍മിത വാക്‌സിന്‍ സ്പുട്‌നിക് വിയും പരിമിതമായി വിതരണം ആരംഭിച്ചിട്ടുണ്ട്. 


 

Latest News