Sorry, you need to enable JavaScript to visit this website.

ഓർഡർ..ഓർഡർ.. സി.പി.എമ്മിന്റെ ചാനൽ മുഖം ഇനി നിയമസഭ നയിക്കും


നിയമസഭയിൽ പ്രതിപക്ഷ നേതാവും സ്പീക്കറും എങ്ങനെയിരിക്കുമെന്നതിന്റെ വലതുകാൽ വെച്ച് കയറ്റമാണ്  ഇന്നലെ സഭയിൽ നടന്നതെങ്കിൽ അത് നല്ല കാര്യമെന്നെ ആരും പറയുകയുള്ളൂ.  പ്രതിപക്ഷനേതാവെന്ന നിലക്ക് താൻ എങ്ങനെയിരിക്കും എന്ന് നേർക്കുനേർ കാണിച്ചു കൊടുക്കുകയായിരുന്നു പിണറായി സർക്കാരിന്റെ രണ്ടാം വരവിൽ നിയമിതനായ  പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ഒന്നാം വരവ്കാരനായ വി.ഡി.സതീശൻ. സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ,  മറുപടി പറയേണ്ടിവരുമെന്ന വി.ഡി സതീശന്റെ പ്രസ്താവന, ആരും പ്രതീക്ഷിച്ചതല്ല. സ്പീക്കർ  വൻ ഭൂരിപക്ഷത്തിന്  തെരഞ്ഞെടുക്കപ്പെട്ടതിന്റെ ചൂടാറും മുമ്പ് ഇങ്ങനെ നിലപാടെടുക്കാൻ നല്ല രാഷ്ട്രീയ ചങ്കൂറ്റം വേണം.  സാധാരണ ഗതിയിൽ ബഹു സ്പീക്കറെ, അങ്ങൊരു മഹാനാണ് ഉറപ്പായും അങ്ങയെപോലെ മറ്റൊരു മഹാനില്ല എന്ന വാഴ്ത്തലാണ് ഇത്തരം സന്ദർഭങ്ങളിലെ പതിവ് രീതി. അതിന് വിപരീതമായ നിലപാടെടുത്ത സതീശന്റെ വാക്കുകൾ ഇങ്ങനെ  ' പുതിയ നിയമസഭ സ്പീക്കർക്ക് എല്ലാ ആശംസയും നേരുന്നു. പക്ഷേ, ഞങ്ങൾക്കൊരു വിയോജിപ്പുണ്ട്.  നിയുക്ത സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കേരള ചരിത്രത്തിൽ ആദ്യമാണ് ഇത്.  ഞങ്ങളെ വേദനിപ്പിച്ചു. സ്പീക്കർ രാഷ്ട്രീയം പറയാൻ തുടങ്ങിയാൽ, ഞങ്ങൾക്ക് സഭയിൽ മറുപടി പറയേണ്ടിവരും. അത് സംഘർഷത്തിന് ഇടയാക്കും. നിയമസഭാ സ്പീക്കറുമായി സംഘർഷത്തിലേർപ്പെടുക നല്ല കീഴ്‌വഴക്കമല്ല. അത് കൊണ്ട് നിയുക്ത സ്പീക്കർ നിലപാട് തിരുത്തണം. ഈ സഭയിലും മന്ത്രിയായ കെ. രാധാകൃഷ്ണൻ, ഒരു മാതൃക സ്പീക്കറായിരുന്നു '' പുതിയ പ്രതിപക്ഷ നേതാവ്  സതീശന്റെ വാക്കുകൾക്ക് പത്ത് വർഷത്തെ പാർലമെന്റനുഭവങ്ങളുടെ ചട്ടക്കൂടിൽനിന്ന് വന്ന സ്പീക്കർ എം.ബി രാജേഷിൽ നിന്നുണ്ടായ പ്രതികരണം തികച്ചും നിലവാരമുയർന്നതായി. കക്ഷി രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കുമെന്നല്ല, പൊതുവായ സാമൂഹ്യ രാഷ്ട്രീയ നിലപാടാണ് ഉദ്ദേശിച്ചതെന്ന്  സ്പീക്കർ സഭയിലെ മറുപടി പ്രസംഗത്തിൽ അന്തരീക്ഷം തണുപ്പിച്ചു.

'സ്പീക്കർ രാഷ്ട്രീയം പറയും എന്ന്  മാധ്യമങ്ങളിൽ വന്ന പ്രസ്താവന പ്രതിപക്ഷത്തിനും മറ്റുള്ളവർക്കും ആശങ്കയുണ്ടാക്കി. കക്ഷി രാഷ്ട്രീയം പറയുമെന്നല്ല, അതിന്റെ ഭാഗമായി പ്രവർത്തിക്കുകയുമില്ല. പൊതുവായ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ നിലപാട് പറയും എന്നാണ് പറഞ്ഞത്. സഭയുടെ അന്തസ്സും ഈ ഉത്തരവാദിത്തം നിർഹിക്കുമ്പോഴുള്ള ഔചിത്യവും പാലിച്ചാവും അത്തരം അഭിപ്രായ പ്രകടനം നടത്തുക. ഭരണ-പ്രതിപക്ഷ കക്ഷികളുടെ താൽപര്യം സംരക്ഷിക്കുന്ന നിലയിലാവും സഭയിലെ പ്രവർത്തനം' -സ്പീക്കർ എം.ബി രാജേഷിന്റെ വാക്കുകൾ സ്പീക്കർ പദവിയുടെ അന്തസ്സിനോട് ചേർന്നു നിന്നു. വിഖ്യാത ദാർശനികൻ, ബർട്രൻഡ് റസ്സലിന്റെ 'അപരന്റെ കരുതലാണ്' ജനാധിപത്യമെന്ന ആശയം കൂടി  സ്പീക്കർ ഉയർത്തിയതോടെ  ഇതെല്ലാം പറയാൻ ഇടവരുത്തിയതിനെ മനസാ അഭിനന്ദിക്കാത്തവരുണ്ടാകില്ല .  'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം' എന്ന മഹാകവി അക്കിത്തത്തിന്റെ വരികളിലും പുതിയ സഭാനായകൻ  അപരനോടുള്ള കരുതൽ തന്നെകണ്ടു. കവിതക്കും ഉദ്ധരണികൾക്കുമൊന്നും ഒരു കുറവുമില്ല. ഇനിയെല്ലാം  കാത്തിരുന്ന് കാണുക തന്നെ.  

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ നൂറ്വർഷത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞത് എം .ബി രാജേഷിന്റേയും ശശി തരൂരിന്റേയും ഇടപെടലിനെ തുടർന്നായിരുന്നുവെന്നതാണ് രാജേഷിനനുകൂലമായ പ്രശംസാ വചനങ്ങളിലൊന്ന്.  മികച്ച പാർലമെന്റേറിയൻ കൂടിയായ രാജേഷ് ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് തെരഞ്ഞെടുത്ത ഏഴ് പാർലമെന്റംഗങ്ങളിൽ ഒരാളായിരുന്നു. ഇവർക്ക് ലണ്ടൻ കിങ്സ് കോളേജിൽ സ്വീകരണവും നൽകുകയുണ്ടായി.  

 ധാരാളം പുതുമുഖങ്ങൾ   നിറഞ്ഞതാണ് പുതിയ നിയമ സഭ. അവരുടെ ആവേശവും ഊർജസ്വലതയും ഒപ്പം മുതിർന്ന അംഗങ്ങളുടെ അനുഭവസമ്പത്തും സമന്വയിക്കുന്നതാണ് ഈ നിയമസഭയെന്ന് സ്പീക്കർ വിലയിരുത്തി. ഈ മഹത്തായ സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ ബഹുമാന്യരായ അംഗങ്ങളുടെയും നിയമസഭാ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെയും പിന്തുണയും സഹകരണവും  അഭ്യർഥിക്കുന്നു. നമുക്കെല്ലാവർക്കും ചേർന്ന് കൂട്ടായ പരിശ്രമത്തിലൂടെ പതിനഞ്ചാം നിയമസഭയെ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഉജ്വലമായ ഒരു അധ്യായമാക്കിത്തീർക്കാം എന്ന പ്രത്യാശ പങ്കുവെച്ചുകൊണ്ട് ഈ പതിനഞ്ചാം കേരള നിയമസഭയുടെ അധ്യക്ഷനെന്ന ചുമതല ഞാൻ വിനയപൂർവ്വം സ്വീകരിക്കുന്നു-സ്പീക്കർ പറഞ്ഞുനിർത്തി. സൈനിക ഉദ്യോഗസ്ഥനായ ഷൊർണൂർ  ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ രമണിയുടെയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിലായിരുന്നു  രാജേഷിന്റെ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി ( അധ്യാപിക- സി.പി.എം അധ്യാപക സംഘടന നേതാവ് റഷീദ് കണിച്ചേരിയുടെ മകൾ). മക്കൾ: നിരഞ്ജന, പ്രിയദത്ത. ചാനൽ ചർച്ചകളിലെ സി.പി.എമ്മിന്റെ മുഖ്യ മുഖമായിരുന്നു കുറെക്കാലമായി രാജേഷ്. അഞ്ച് കൊല്ലത്തേക്ക് ആ നാക്കിന് നിയമസഭ നിയമങ്ങളുടെ താൽക്കാലിക പൂട്ട്.  രാജേഷ് എന്തു പറയുന്നു ..എന്ന ചോദ്യം അത്രയും വർഷം ഇനി ചാനൽ അവതാരകരിൽനിന്ന് കേൾക്കില്ല. രാജേഷിന്റെ ചാനൽ പ്രസിദ്ധി അഭിനന്ദിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എടുത്തു പറഞ്ഞിട്ടുണ്ട്.  ദേശീയ-മലയാളം ചാനലുകളിലെ സംവാദങ്ങളിലൂടെ നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും എം.ബി രാജേഷ് ഇന്ന് സുപരിചിതനാണ് എന്നാണ് മുഖ്യമന്ത്രി രാജേഷിനെപ്പറ്റി പറഞ്ഞത്. പ്രഗത്ഭരുടെ നീണ്ടനിരയുള്ള കേരള നിയമസഭ സ്പീക്കർമാരുടെ ചരിത്രത്തോട് ചേർന്ന് നിൽക്കാനുള്ള കഴിവും പ്രാപ്തിയും മുഖ്യമന്ത്രി രാജേഷിൽ കണ്ടു. കക്ഷിനേതാക്കളെല്ലാം സ്പീക്കറെ അഭിനന്ദിച്ചു സംസാരിച്ചു. 


മുസ്‌ലിം ലീഗ് നിയമ സഭ കക്ഷിനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ  അനുമോദനത്തിലെ ചില വാക്കുകൾ  ഇങ്ങനെയായിരുന്നു. ''ഇടക്ക് ലോക് സഭയിൽ ഒന്നിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു...ഇത്ര പെട്ടെന്ന് അങ്ങ് സ്പീക്കറും ഞാൻ അഭിനന്ദിക്കുന്നയാളുമായിമാറുമെന്ന് ഒരിക്കലും കരുതിയില്ല. രാഷ്ട്രീയത്തിൽ ഇങ്ങനെയൊക്കെയാണല്ലോ...'' കേരള നിയമസഭയിൽ  സ്വന്തം പാർട്ടിയിൽപ്പെട്ടവരും അല്ലാത്തവരുമായ എത്രയോ സ്പീക്കർമാരെ സർ, എന്ന് വിളിക്കുകയും അഭിനന്ദിക്കുകയും വിയോജിക്കുകയും ഒക്കെ ചെയ്ത  ലീഗ് അംഗത്തിന്റെ വാക്കുകൾ.  കേരള പിറവിക്ക് മുമ്പുള്ള സഭയിലും അംഗമായിരുന്ന മുസ് ലിം ലീഗ് നേതാവ് ചാക്കിരി അഹമദ് കുട്ടി നിയമസഭ സ്പീക്കറായിരിക്കെ സഭയിലെ ശബ്ദഘോഷങ്ങൾക്ക് ശേഷം അതൊന്ന് അടങ്ങിയ ശേഷം ഇരിക്കുംമുമ്പ് വെറുതെ നടത്താറുള്ള ഒരു  സ്ഥിരം പ്രയോഗമുണ്ട്- വാട്ടീസ് ആഫ്റ്ററോൾ- മനുഷ്യാവസ്ഥക്ക്  ചേരുന്ന നിലപാട് തന്നെ. 

Latest News