കൊച്ചി- ലക്ഷദ്വീപ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ കോടതി ജോലികളില്‍ നിന്ന് മാറ്റി സര്‍ക്കാരിന്റെ ജോലികള്‍ക്കു വേണ്ടി നിയോഗിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. അമിനി ദ്വീപിലെ പബ്ലിക് പ്രോസിക്യൂട്ടറെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സെക്രട്ടറിയേറ്റിലേക്ക് സ്ഥലംമാറ്റിയ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കോടതി പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഹൈക്കോടതി മുന്നറിയിപ്പു നല്‍കി. കോടതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തി ദ്വീപില്‍ നിയമിക്കപ്പെട്ട പ്രോസിക്യൂട്ടര്‍മാര്‍ അവിടെ തന്നെ അവരുടെ ചുമതലകളില്‍ തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ലക്ഷദ്വീപിലെ കോടതികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും ഇതിനെതിരെ ഒരിക്കല്‍ മുന്നറയിപ്പ് നല്‍കിയതാണെന്നും ഡിവിഷന്‍ ബെഞ്ച് ശക്തമായ താക്കീത് നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സ്ഥലം മാറ്റിയത് ദ്വീപിലെ കോടതി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലക്ഷദ്വീപ് ചുമതലയുള്ള ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍ അനിത എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സ്ഥലംമാറ്റി സര്‍ക്കാരിന്റെ ജോലികള്‍ക്ക് നിയോഗിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് അധികാര ദുര്‍വിനിയോഗമാണെന്നും ഇത് ദ്വീപിലെ നീതിന്യായ നടത്തിപ്പ് സംവിധാനത്തിന്റെ വീഴ്ചയിലേക്ക് നയിക്കുമെന്നും ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു. കഴിഞ്ഞനാലു മാസമായി ലക്ഷദ്വീപിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒറ്റ ക്രിമിനല്‍ കേസ് പോലും പൂര്‍ത്തിയാക്കിയിട്ടില്ല. വിചാരണയ്ക്ക് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്തതാണ് കാരണം. അമിനി ദ്വീപിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കവരത്തി ദ്വീപിലായത് കാരണം മാര്‍ച്ചില്‍ അഞ്ച് കേസുകളാണ് നീട്ടിവെക്കേണ്ടി വന്നത്. വിവിധ ദ്വീപുകളില്‍ നിന്നും വന്‍കരയില്‍ നിന്നും കേസിലെ സാക്ഷികളേയും വാദികളേയും വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.