ന്യൂദല്‍ഹി- കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പുതിയ മരുന്ന് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ റോഷ് ഇന്ത്യയിലും അവതരിപ്പിച്ചു. ആന്റിബോഡി മിശ്രിതമായ കാസിരിവിമാബ്, ഇംഡെവിമാബ് എന്നിവയാണ് ഈ മരുന്നത്. ഒരു ഡോസിന് ഇന്ത്യയിലെ വില 59,750 രൂപ വരും. കഴിഞ്ഞ വര്‍ഷം കോവിഡ് പിടിപെട്ട മുന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത് ഈ ആന്റിബോഡി കോക്ടെയിലാണ്. ഇന്ത്യയില്‍ ഈ മരുന്ന് സിപ്ലയാണ് വിപണനം ചെയ്യുന്നത്.
മരുന്നിന്റെ ആദ്യ ബാച്ച് വിതരണം തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ ആരംഭിച്ചത്. 1200 മില്ലി ഗ്രാം ഡോസ് പാക്കില്‍ 600 മില്ലിഗ്രാം കാസിരിവിമാബും 600 മില്ലിഗ്രാം ഇംഡെവിമാബും അടങ്ങിയതാണ്. ഈ പാക്കിന്റെ പരമാവധി ചില്ലറ വില്‍പ്പന വില 1,19,500 രൂപയാണെന്നും റോഷ് ഇന്ത്യ അറിയിച്ചു. ഒരു പാക്ക് ഉപയോഗിച്ച് രണ്ടു രോഗികളെ ചികിത്സിക്കാമെന്നും കമ്പനി പറയുന്നു.
ഈ പുതിയ മരുന്നിന്റെ രണ്ടാം ബാച്ച് ജൂണ്‍ മധ്യത്തോടെ ഇന്ത്യയിലെത്തും. ഇതുകൂടി എത്തുന്നതോടെ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കോവിഡ് രോഗികള്‍ക്ക് ഇതു സഹായകമാകുമെന്ന് സിപ്ലയും റോഷും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മുന്‍നിര ആശുപത്രികളിലും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമാണ് ഈ മരുന്ന് ലഭിക്കുക. ഈ മരുന്ന് ഇന്ത്യയില്‍ അടിയന്തര ഉപോഗത്തിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍സ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈയിടെയാണ് അനുമതി നല്‍കിയത്. യുഎസിലും യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇതിന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്.