അന്ത്രോത്ത്- അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വാട്‌സ്ആപ്പിലേക്ക് സന്ദേശം അയച്ച സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍. അഗര്‍ത്തി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്രയില്‍ നിന്ന് ഒരാളെയുമാണ് കവരത്തി പോലീസ് പിടികൂടിയത്. ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖ് ആണ് ബിത്രയില്‍ നിന്ന് പിടിയിലായത്. ഹായ് എന്നായിരുന്നു ഇവരുടെ സന്ദേശം. അഡമിനിസ്‌ട്രേറ്റര്‍ക്കെതിരെ ലക്ഷദ്വീപിലും പുറത്തും പ്രതിഷേധം ശക്തമായിരിക്കെയാണ് പുതിയ സംഭവം. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.
ഈ മാസം 30ന് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തുമെന്നാണ് വിവരം. വന്‍ പ്രതിഷേധത്തിനുള്ള സാധ്യത പോലീസ് മുന്‍കൂട്ടിക്കാണുന്നു. ദ്വീപിലെ സമാധാനം തകര്‍ത്ത അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരും രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രഫുല്‍ പട്ടേലിനെതിരായ പ്രതിഷേധത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. അതേസമയം, അഞ്ചു മാസമായി പുറംലോകമറിയാതെ പോയ തങ്ങളുടെ വിഷമം കേരളത്തിലെ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമേറ്റെടുത്തതിന്റെ ആശ്വാസത്തിലാണ് ദ്വീപ് ജനത.