ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപ വെട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സിയെ അദ്ദേഹം ഒളിവില്‍ കഴിയുന്ന കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്റ് ബര്‍ബുഡയില്‍ കാണാതായി. അദ്ദേഹത്തിന്റെ കുടുംബം തിരച്ചില്‍ നടത്തിവരികയാണെന്നും ആന്റിഗ്വയിലെ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ചോക്‌സിയുടെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു. തിങ്കളാഴ്ച ഡിന്നര്‍ കഴിക്കാനെന്നു പറഞ്ഞ് റെസ്ട്രന്റിലേക്കു പോയതാണ് ചോക്‌സി. പിന്നീട് കാണാതാകുകയായിരുന്നു. അദ്ദേഹത്തിന്റെ വാഹനം പിന്നീട് കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
2018ലാണ് ചോക്‌സി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പിന്നീട് ആന്റിഗ്വയില്‍ പൗരത്വം നേടി. ബാങ്ക് വെട്ടിപ്പു കേസില്‍ സിബിഐയും എന്‍ഫോഴ്‌സമെന്റും തേടിക്കൊണ്ടിരിക്കുന്ന പ്രതിയാണ് ചോക്‌സി.
ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്‌സിക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരുന്നതായി പ്രാദേശിക മാധ്യമമായ ആന്റിഗ്വ ന്യൂസ്‌റൂം ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തിരുന്നു. ചോക്‌സിയെ കാണാനില്ലെന്ന വിവരം ഔദ്യോഗികമായി തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ തേടി സിബിഐ ഇന്ത്യയിലെ ആന്റിഗ്വ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. ആഗോള പോലീസായ ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് ഉള്ളതിനാല്‍ ചോക്‌സി മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ വിവരം ലഭിക്കുമെന്നും സിബിഐ പറയുന്നു.
അതേസമയം ചോക്‌സി അതീവരഹസ്യമായി ക്യൂബയിലേക്ക് കടന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ആന്റിഗ്വയില്‍ മാധ്യമ റിപോര്‍ട്ടുണ്ട്. ഇതു സ്ഥിരീകരിക്കാനായി ഉദ്യോഗസ്ഥര്‍ ശ്രമം നടത്തി വരുന്നതായാണ് വാര്‍ത്ത. ആന്റിഗ്വയെ പോലെ ക്യൂബയ്ക്കും ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ല. അതുകൊണ്ട് ക്യൂബയിലെത്തിയാലും ചോക്‌സിയെ ഇന്ത്യയിലെത്തിക്കുക പ്രയാസമാണ്. തന്നെ ഇന്ത്യയ്ക്കു കൈമാറുന്നത് തടയാന്‍ ചോക്‌സി വര്‍ഷങ്ങളായി നിയമ പോരാട്ടം നടത്തിവരികയാണ്. ചോക്‌സിക്കു മുമ്പില്‍ നിയമത്തിന്റെ വഴി അടഞ്ഞാല്‍ അദ്ദേഹത്തിന്റെ പൗരത്വം പിന്‍വലിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞിരുന്നു. നികുതി ഇളവുകളുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കരീബിയനിലെ ആന്റിഗ്വ ക്രിമിനലുകളുടേയും സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരുടേയും സുരക്ഷിത കേന്ദ്രമല്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതേ കേസിലെ മറ്റൊരു പ്രതിയായ ചോക്‌സിയുടെ ബന്ധുവും രത്‌നവ്യവസായിയുമായ നിരവ് മോഡിയും ഇന്ത്യയില്‍ നിന്ന് മുങ്ങി ഇപ്പോള്‍ ബ്രിട്ടനില്‍ കഴിയുകയാണ്. നിരവ് മോഡിയെ വിട്ടുകിട്ടാനും സിബിഐ നിയമ പോരാട്ടം നടത്തിവരികയാണ്