Sorry, you need to enable JavaScript to visit this website.

കോൺഗ്രസിലെ അസംതൃപ്തരെ ചാക്കിടാൻ എൻ.സി.പി

പാലക്കാട്- ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന അസംതൃപ്തി മുതലെടുക്കാൻ എൻ.സി.പി രംഗത്ത്. മുൻ ഡി.സി.സി പ്രസിഡന്റും യു.ഡി.എഫ് മുൻജില്ലാ കൺവീനറുമായ എ. രാമസ്വാമിയെ മുന്നിൽ നിർത്തിയാണ് കോൺഗ്രസിൽ ഇടഞ്ഞു നിൽക്കുന്നവരെ കൂടെച്ചേർക്കാൻ എൻ.സി.പി നേതൃത്വം ശ്രമം തുടങ്ങിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട പാലക്കാട് നഗരസഭാ മുൻെചയർമാൻ കൂടിയായ രാമസ്വാമി കഴിഞ്ഞ ദിവസം എൻ.സി.പിയിൽ ചേരാൻ തീരുമാനമെടുത്തിരുന്നു. 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പ്രവർത്തകർ കൂടെച്ചേരാൻ താൽപര്യമറിയിച്ച് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് രാമസ്വാമി 'മലയാളം ന്യൂസി'നോട് പറഞ്ഞു. കോൺഗ്രസ് വിമതനായി മൽസരിച്ച് പട്ടാമ്പി നഗരസഭാ വൈസ്‌ചെയർമാനായ ടി.പി. ഷാജി ഉൾപ്പെടെ നിരവധി പേരുമായി അദ്ദേഹം ആശയവിനിമയം നടത്തിവരികയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ വിപുലമായ പരിപാടികളോടെ ജില്ലയിലെ കോൺഗ്രസ് വിമതരുടെ എൻ.സി.പി പ്രവേശനം നടക്കും. 
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിലെ കലാപം തെരുവിലെത്തിയ ജില്ലയാണ് പാലക്കാട്. മുൻ എം.എൽ.എ എ.വി. ഗോപിനാഥ് ഉയർത്തിയ വെല്ലുവിളി അവസാനഘട്ടത്തിൽ പുറമേക്കെങ്കിലും പരിഹരിച്ചുവെങ്കിലും മുതിർന്ന നേതാക്കൾ ഒന്നടങ്കം ജില്ലാ നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയാണ്. അസംതൃപ്തരുടെ പട്ടികയിൽ മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണനും ഉൾപ്പെടുന്നു. ഡി.സി.സി പ്രസിഡന്റ് വി.െക. ശ്രീകണ്ഠൻ എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും ചേർന്ന് ഏകപക്ഷീയമായി ജില്ലയിലെ പാർട്ടി കാര്യങ്ങൾ തീരുമാനിക്കുകയാണ് എന്നതാണ് മുതിർന്ന നേതാക്കളുടെ പൊതുവായ പരാതി. 
കഴിഞ്ഞ കൊല്ലം നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലയുടെ പല ഭാഗങ്ങളിലും കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. യു.ഡി.എഫിന്റെ കോട്ടകളായി അറിയപ്പെട്ടിരുന്ന പട്ടാമ്പി, ചിറ്റൂർ- തത്തമംഗലം എന്നീ നഗരസഭകളിൽ കോൺഗ്രസിലെ ചേരിപ്പോര് മൂലം ഭരണം നഷ്ടപ്പെട്ടു. നിരവധി പേരെ അച്ചടക്ക നടപടിക്ക് വിധേയമാക്കി പാർട്ടിയിൽനിന്ന് പുറന്തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ തിരിച്ചു പിടിക്കാമെന്നായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ പട്ടാമ്പിയിലുൾപ്പെടെ പലയിടത്തും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പാലക്കാട് നഗരസഭയിലുൾപ്പെടെ ജില്ലയിലെ 20 ഓളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസ് വിമത അംഗങ്ങളുണ്ട്. അവരെയെല്ലാം ഒരുമിച്ച് ചേർത്ത് എൻ.സി.പിയിൽ അണിനിരത്തുക എന്ന ദൗത്യമാണ് എ. രാമസ്വാമി ഏറ്റെടുത്തിരിക്കുന്നത്. നീക്കത്തിന് സി.പി.എം പിന്തുണയറിയിച്ചിട്ടുണ്ട്. 
ജില്ലയിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളായ മുൻഎം.പി വി.എസ്. വിജയരാഘവൻ ഉൾപ്പെെടെയുള്ളവരെ എൻ.സി.പി നോട്ടമിട്ടിട്ടുണ്ട്. എന്നാൽ അവരിൽ പലരും പാർട്ടി വിടുന്നതിൽ താൽപര്യമില്ലെന്നറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തനിക്ക് ലഭിച്ച ഉറപ്പുകളിൽ നടപടിയുണ്ടാകുന്നതു വരെ കാക്കാനാണ് എ.വി. ഗോപിനാഥിന്റെ തീരുമാനം.
 

Latest News