റിയാദ്- അതിവേഗം പണമയക്കാനുള്ള സരീഅ് സംവിധാനം വൻ വിജയം. ബാങ്കുകൾക്കിടയിലെ തത്സമയ ഫണ്ട് ട്രാൻസ്ഫർ സംവിധാനമായ സരീഅ് വഴി കഴിഞ്ഞ മാർച്ചിൽ സൗദിയിലെ ഉപയോക്താക്കൾ അയച്ചത് 6.24 ട്രില്യൺ റിയാൽ. മാർച്ചിൽ സരീഅ് സംവിധാനം വഴിയുള്ള ഫണ്ട് ട്രാൻസ്ഫറിൽ 21.6 ശതമാനം (1.11 ട്രില്യൺ റിയാൽ) വളർച്ച രേഖപ്പെടുത്തി. 2020 മാർച്ചിൽ സരീഅ് സംവിധാനം വഴി 5.13 ട്രില്യൺ റിയാലാണ് ഉപയോക്താക്കൾ അയച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 21 മുതലാണ് സൗദി സെൻട്രൽ ബാങ്ക് സരീഅ് സംവിധാനം വഴിയുള്ള തത്സമയ ഫണ്ട് ട്രാൻസ്ഫർ സേവനം ആരംഭിച്ചത്. ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും സരീഅ് സംവിധാനം വഴി ഉടനടി പണമയക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും സാധിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തെ അപക്ഷിച്ച് മാർച്ചിൽ സരീഅ് സംവിധാനം വഴിയുള്ള ഫണ്ട് ട്രാൻസ്ഫർ 17.1 ശതമാനം തോതിൽ വർധിച്ചു.
ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ സരീഅ് സംവിധാനം വഴി 911.9 ബില്യൺ റിയാൽ ഉപയോക്താക്കൾ അധികം അയച്ചു. ഫെബ്രുവരിയിൽ ഈ സംവിധാനം വഴി 5.33 ട്രില്യൺ റിയാലാണ് ഉപയോക്താക്കൾ അയച്ചത്. മാർച്ചിൽ പ്രതിദിനം 200 ബില്യൺ റിയാൽ തോതിലും മണിക്കൂറിൽ 8.7 ബില്യൺ റിയാൽ വീതവും സരീഅ് സംവിധാനം വഴി ഉപയോക്താക്കൾ അയച്ചു. സൗദി സമ്പദ്‌വ്യവസ്ഥയുടെയും ധനമേഖലയുടെയും ശേഷിയും സൗദി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ധനസ്ഥിതിയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ സരീഅ് സംവിധാനം വഴി 18.07 ട്രില്യൺ റിയാൽ ഉപയോക്താക്കൾ അയച്ചതായും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.