Sorry, you need to enable JavaScript to visit this website.

'ലക്ഷദ്വീപിലെ ജനവിരുദ്ധ  നടപടികൾ അവസാനിപ്പിക്കണം' -പ്രധാനമന്ത്രിക്ക് ഹൈബി ഈഡൻ എം.പി കത്തയച്ചു

കൊച്ചി - ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ നടപ്പാക്കുന്ന ജനവിരുദ്ധ പരിഷ്‌കാരങ്ങൾ തടയുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു. സാംസ്‌കാരികമായും, ഭാഷാപരമായും കേരളീയരോട് സാമ്യമുള്ള ലക്ഷദ്വീപ് നിവാസികളായ അനവധി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തെ ആശ്രയിക്കുന്നു. ഡിസംബർ 2020 ൽ നിയമിതനായ പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ജനഹിതത്തിനെതിരായ ഒട്ടനവധി പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ദ്വീപിലെ ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കിട നൽകുന്നു.


തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം  എന്നീ വകുപ്പുകളിന്മേലുള്ള നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റർ ഏറ്റെടുത്തു. 70000 ത്തോളം ആളുകൾ അധിവസിക്കുന്ന ദ്വീപിലെ ഭൂരിഭാഗം ആളുകളും ഗവണ്മെന്റ് ജോലികളോ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടോ ആണ് ഉപജീവനം നടത്തുന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്റർ നിയമിതനായ ശേഷം ഒട്ടനവധി ആളുകളെ ഗവണ്മെന്റ് കരാർ ജോലികളിൽ നിന്നും ഒഴിവാക്കുകയും തീരദേശ നിയമത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിക്കുകയും ഉണ്ടായി. രണ്ടിലധികം കുട്ടികൾ ഉള്ളവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതുൾപ്പടെ ഉള്ള പരിഷ്‌കാരങ്ങൾ ജനങ്ങൾക്കിടയിലും രാഷ്ട്രീയ പാർട്ടികൾക്കിടയിലും പ്രതിഷേധം ഉളവാക്കുന്നു. വളരെ ക്രൈം റേറ്റ് കുറഞ്ഞ ദ്വീപ് പ്രദേശത്ത് ആന്റി ഗുണ്ടാ നിയമങ്ങൾ പോലുള്ള കരി നിയമങ്ങൾ നടപ്പിലാക്കുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്നതിന്റെ ആശങ്ക ജനങ്ങളിലുണ്ട്.


നാളിതുവരെ ബേപ്പൂർ തുറമുഖവുമായി ഉണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ അവസാനിപ്പിച്ച് എല്ലാ ചരക്കുകളും മംഗലാപുരം വഴി ആക്കണം എന്നതടക്കം, ടൂറിസത്തിന്റെ പേരിൽ മദ്യ വിൽപന ശാലകൾ അനുവദിക്കുന്നതും, ബീഫ് നിരോധനം ഏർപ്പെടുത്തുന്നതും, അംഗൻവാടി കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽനിന്നും മാംസ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതുമെല്ലാം ദ്വീപ് നിവാസികളുടെ താൽപ്പര്യങ്ങൾക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണെന്ന് ഹൈബി ചൂണ്ടിക്കാട്ടി.


 

Latest News