ഗോമ-കോംഗോയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേര്‍ അഭയാര്‍ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചാണ് ഗോമ നഗരത്തില്‍നിന്ന് ആയിരങ്ങള്‍ പ്രാണരക്ഷാര്‍ഥം പലായനം ചെയ്തത്. ശനിയാഴ്ച രാത്രിയാണ് അതി തീവ്രമായ അഗ്‌നിപര്‍വ്വത സ്‌ഫോടനം നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
റുവാണ്ട അതിര്‍ത്തി പ്രദേശത്തെ നഗരമാണ് ഗോമ. കോംഗോയിലെ പ്രധാനപ്പെട്ട നഗരമായ ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ ലാവ നഗരത്തിന്റെ ഒരു ഭാഗത്തെ വിഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്തത്. എണ്ണായിരം പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍ വ്യക്തമാക്കി. അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടായതോടെ ഗോമ നഗരത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകുകയും കൈയ്യില്‍കിട്ടിയതൊക്കെ എടുത്ത് രാത്രിയോടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തു. നിരവധി പേര്‍ വീടിനു പുറത്താണ് രാത്രി ചെലവഴിച്ചത്. ലാവ ഒഴുകിവന്ന് വീടുകളെയും കെട്ടിടങ്ങളെയും മൂടിയതോടെയാണ് ആയിരക്കണക്കിനു പേര്‍ വഴിയാധാരമായത്.
വീടുകള്‍ നഷ്ടപ്പെട്ടതോടെ ജനങ്ങള്‍ കാല്‍നടയായി റുവാണ്ട അതിര്‍ത്തിയിലേക്ക് നീങ്ങുകയായിരുന്നു. അതിര്‍ത്തി അടച്ചിരുന്നതിനാല്‍ ജനങ്ങള്‍ക്ക് റുവാണ്ടയിലേക്ക് പ്രവേശിക്കാനായില്ലെന്നും ഇവര്‍ തിരിച്ചെത്തി ഗോമ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് തമ്പടിച്ചതായും കോംഗോ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോമയിലെ വിമാനത്താവളത്ത് അടുത്തുവരെ ലാവാ പ്രവാഹം എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വിമാനത്താവളത്തിന് കേടുപാടുകളില്ല. താരതമ്യേന കുറഞ്ഞ ലാവാ പ്രവാഹം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഞായറാഴ്ചയോടെ ലാവാ പ്രവാഹത്തിന്റെ ശക്തി കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. 2002ല്‍ ഈ അഗ്‌നപര്‍വ്വതം പൊട്ടിത്തെറിച്ച് 250 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ജനങ്ങള്‍ അഭയാര്‍ഥികളാകുകയും ചെയ്തിരുന്നു