Sorry, you need to enable JavaScript to visit this website.

മന്ത്രിയുടെ കത്തിനു പിന്നാലെ രാംദേവ് തിരുത്തി, ഡോക്ടർമാരും തിരുത്തണമെന്ന് ആവശ്യം

ന്യൂദല്‍ഹി- അലോപ്പതി അസംബന്ധ ശാസ്ത്രമാണെന്ന പരമാര്‍ശം യോഗ ഗുരു ബാബ രാംദേവ് പിന്‍വലിച്ചു. അലോപ്പതി മരുന്ന് കാരണമാണ് ധാരാളം കോവിഡ് രോഗികള്‍ മരിച്ചതെന്ന രാംദേവിന്റെ   പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാംദേവിന്റെ മനസ്സു മാറിയത്.
താന്‍ ആധുനിക മെഡിസിനും അലോപ്പതിക്കും എതിരല്ലെന്ന് രാംദേവ് മന്ത്രിക്കെഴുതിയ മറുപടിയില്‍ പറഞ്ഞു. താനൊരു വാട്‌സാപ്പ് മെസേജ് വായിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഏതെങ്കിലും ചികിത്സാ ശാഖയുടെ തകരാറുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ ആക്രമണമായി കാണരുത്. ശാസ്ത്രത്തോടുള്ള വിയോജിപ്പായും കാണരുത്- രാംദേവ് പറഞ്ഞു.
എല്ലാവരും ആത്മപരിശോധന നടത്തണം. ആയുര്‍വദേവും യോഗയും സ്യൂഡോ സയന്‍സാണെന്ന വാദങ്ങളില്‍നിന്ന് അലോപ്പതി ഡോക്ടര്‍മാരും വിട്ടുനില്‍ക്കണം. അതും ധാരാളം പേരുടെ വികാരങ്ങളെ ഹനിക്കുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെംഡെസിവിര്‍, ഫെവിപിറാവിര്‍ തുടങ്ങി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അംഗീകരിച്ച മരുന്നുകള്‍ പരാജയമാണെന്ന് രാംദേവ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓക്‌സിജന്‍ കിട്ടാത്തതല്ല, അലോപ്പതി മരുന്നാണ് ലക്ഷക്കണക്കിനു രോഗികള്‍ മരിക്കാന്‍ കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

 

Latest News