കാസർകോട് - കവാടങ്ങൾ മുഴുവൻ അടച്ചുപൂട്ടി ആളില്ലാതെ ഓടുന്ന രാജധാനി എക്‌സ്പ്രസിൽ കയറാൻ നെട്ടോട്ടമോടുകയാണ് യാത്രക്കാർ. കാസർകോട് റെയിൽവെ സ്റ്റേഷനിൽ ഒരു മിനിറ്റ് മാത്രം സ്റ്റോപുള്ള രാജധാനിയിൽ കയറുന്നതിന് തെക്കുവടക്ക് ഓടേണ്ടിവന്നകേന്ദ്ര സർവീസിലെ ഉദ്യോഗസ്ഥൻ താൻ അനുഭവിച്ച പ്രയാസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് മറ്റു യാത്രക്കാരും ഇതേ അഭിപ്രായങ്ങൾ അറിയിക്കാൻ തുടങ്ങിയത്.
കോവിഡ് ലോക്ഡൗൺ മൂലം യാത്രക്കാർ കുറവായതിനാൽ ട്രെയിൻ ബോഗികൾ എല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.
എത്ര ശ്രമിച്ചിട്ടും കോച്ചുകളുടെ വാതിലുകൾ ഒന്നും തുറക്കുവാൻ കഴിഞ്ഞില്ല. കുറച്ചുസമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ ട്രെയിൻ സ്റ്റേഷൻ വിട്ടുപോകുമായിരുന്നുവെന്ന് ഡൽഹിയിൽ ഉദ്യോഗസ്ഥനായ മടിക്കൈ അമ്പലത്തറക്ക് സമീപത്തെ പി.വി. സുന്ദരേശൻ നമ്പ്യാർ പറയുന്നു. പുലർച്ചെ 4.15 ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ തങ്ങൾ ശരിക്കും ബുദ്ധിമുട്ടിയതായി സുന്ദരേശൻ യാത്രയയക്കാൻ ഒപ്പം പോയ മൂത്ത സഹോദരൻ സമരീരേശനും പറഞ്ഞു.
സമരീരേശനും കേന്ദ്ര സർവീസിൽ ജോലി ചെയ്യുകയാണ്.ഇപ്പോൾ അവധിക്ക് നാട്ടിലാണ്. യാത്രക്കാരുടെ ബുക്കിംഗ് ഉണ്ടായാൽ ടി.ടി.ആർ വാതിലിൽ വന്നുനിൽക്കേണ്ടതാണ്. എന്നാൽ അതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല എല്ലാം അടച്ചുപൂട്ടിയ നിലയിലായിരുന്നു.
രാജധാനിയിൽ മൂന്നാമത്തെ കോച്ചിൽ ആയിരുന്നു സുന്ദരേശന് റിസർവേഷൻ. ട്രെയിൻ എത്തിയപ്പോൾ ഇരുവരും ഓരോ കോചും മാറി മാറി തുറക്കാൻ നോക്കി. നടന്നില്ല. മുന്നോട്ട് വീണ്ടും ഓടിയപ്പോൾ ഇതേ അവസ്ഥ. എല്ലാം ലോക് ആയിരുന്നു. സ്റ്റോപ്പിന്റെ സമയം കുറവ് ആയതിനാൽ പിന്നെ ഒന്നും നോക്കിയില്ല, സുന്ദരേശൻ പിന്നോട്ട് ഓടി, സഹോദരൻ മുന്നോട്ടും ഓടി ലോകോ പൈലറ്റിനെ വിവരം അറിയിച്ചു.
അയാള് വേറെ കോച്ച് നോക്കാൻ പറഞ്ഞു. സഹോദരൻ അയാളോട് മെസേജ് ടി.ടി.ആർക്ക് പാസ് ചെയ്യാൻ പറഞ്ഞു. അതിനു അവർ റിപ്ലേ ഒന്നും തന്നില്ല. അപ്പോഴേക്ക് ഭാഗ്യത്തിന് ഏതോ ഒരു കോച്ച് അനിയന് തുറന്നു കിട്ടി. പിന്നെ ഒന്നും നോക്കാതെ വീണ്ടും അവന്റെ ട്രോളിയും വലിച്ച് ഞാൻ അങ്ങോട്ട് ഓടി. എല്ലാം ശുഭം. രണ്ടുപേർ ഉണ്ടായത് കൊണ്ട് ഇരുഭാഗത്തേക്കും ഓടി വിവരം അറിയിക്കാൻ പറ്റി.
യാത്രക്കാരായിസ്ത്രീകളും കുട്ടികളോ മുതിർന്നവരോ ആയിരുന്നെങ്കിൽ ഈ അവസ്ഥയിൽ ഏറെ കഷ്ടപ്പെടുകയും ട്രെയിൻ മിസ് ആവുകയും ചെയ്‌തേനെ.
പാസും മറ്റും സംഘടിപ്പിച്ചാണ് രാത്രിയിൽ ട്രെയിൻ കയറാൻ എത്തുന്നതെന്നും എല്ലാ യാത്രക്കാരും കൂടെ ആരെയെങ്കിലും സഹായത്തിന് കൂട്ടണമെന്നും കഷ്ടപ്പാടുകൾ നേരിട്ട് അനുഭവിച്ചസമരീരേശൻ തന്റെ പോസ്റ്റിൽ ഉപദേശവും നൽകുന്നുണ്ട്. ലോക്കോ പൈലറ്റിനെയോ ഗാർഡിനെയോ അറിയിച്ചില്ലെങ്കിൽ ട്രെയിൻ അതിന്റെ പാട്ടിന് പോവുകയും യാത്രക്കാർ പെരുവഴിയിൽ ആവുകയും ചെയ്യും.