ന്യൂദൽഹി -പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവിക ഓഫീസർ കുൽഭൂഷൺ യാദവിനെ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ സന്ദർശിച്ച ഭാര്യ ചേതനയേയും അമ്മ അവന്തിയേയും സുരക്ഷാകാരണങ്ങൾ പറഞ്ഞ് പാക് അധികൃതർ അപമാനിച്ചതായി വിദേശകാര്യ മന്ത്രാലയം. കുൽഭൂഷണെ കാണുന്നതിന് തൊട്ടു മുമ്പായി ഇരുവരുടേയും താലിമാലയും പൊട്ടും വളകളും നിർബന്ധിച്ച് അഴിപ്പിക്കുകയും വസ്ത്രം മാറ്റിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുൽഭൂഷണെ കണ്ട ശേഷം തിരിച്ചിറങ്ങിയ ഭാര്യയ്ക്ക് ചെരുപ്പ് പോലും തിരികെ നൽകിയില്ലെന്നും ആരോപിക്കപ്പെടുന്നു. കുൽഭൂഷൺ വിഷയത്തിൽ പാക്കിസ്ഥാൻ ധാരണ ലംഘിച്ചതായും ഇന്ത്യ വ്യക്തമാക്കി.
കുൽഭൂഷൺ കടുത്ത സമ്മർദ്ദത്തിലും നിയന്ത്രണത്തിലുമാണ് സംസാരിച്ചത്. മറുപടികളെല്ലാം മുൻകൂട്ടി തയാറാക്കിയതായിരുന്നു. പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോയിലെ കുൽഭൂഷണിന്റെ രൂപത്തിലും സംശയമുണ്ടെന്ന് മന്ത്രാലയം പറയുന്നു. കുൽഭൂഷണിനെ സന്ദർശിച്ച ശേഷം തിരിച്ചെത്തിയ അമ്മയും ഭാര്യയും ചൊവ്വാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു.
അതീവ സുരക്ഷയിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഓഫീസിലെ പ്രത്യേക മുറിയിലായിരുന്നു രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കുൽഭൂഷൺ കുടുംബത്തെ കണ്ടത്. ചില്ലിട്ടു വേർത്തിരിച്ച മുറികളിൽ ഫോണിലൂടെയാണ് ഇവർ സംസാരിച്ചത്.