Sorry, you need to enable JavaScript to visit this website.

FACT CHECK മോഡിയുടെ കണ്ണീരും ന്യൂ യോര്‍ക്ക് ടൈംസിലെ മുതലയും; ആ ചിത്രത്തിനു പിന്നിൽ

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിതുമ്പിയ സംഭവത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഒരു ചിത്രം പ്രചരിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി കരഞ്ഞു എന്ന തലക്കെട്ടും അതോടൊപ്പം കണ്ണീരൊഴുക്കുന്ന ഒരു മുതലയുടെ വലിയ ചിത്രവും സഹിതം യുഎസ് പത്രമായ ന്യൂ യോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജ് എന്ന പേരിലാണ് ഈ ചിത്രം പ്രചരിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ അന്താരാഷ്ട്ര എഡിഷന്റെ ഒന്നാം പേജ് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇത് വസ്തുത അല്ലെന്നാണ് കണ്ടെത്തല്‍. വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് അന്താരാഷ്ട്ര എഡിഷനില്‍ ഇങ്ങനെ ഒരു ചിത്രം സഹിതം ഒന്നാം പേജ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. 

മുതലക്കണ്ണീര്‍ എന്ന ഹാഷ് ടാഗോടെ ഇതാ ഒരു അന്താരാഷ്ട്ര വാര്‍ത്ത എന്ന പേരിലാണ് ഈ വ്യാജ ടൈംസ് ഒന്നാം പേജ് സമൂഹമ മാധ്യമങ്ങളില്‍ വൈറലായത്. നിരവധി പ്രമുഖരും ഈ ചിത്രം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്യുകയും ചെയ്തു. വാട്‌സാപ്പില്‍ കാട്ടുതീ പോലെയാണ് ഈ വ്യാജ ചിത്രം പ്രചരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഈ ചിത്രം ട്വീറ്റ് ചെയ്‌തെങ്കിലും വൈകാതെ ഡിലീറ്റ് ചെയ്തു.

അന്നത്തെ ന്യൂയോര്‍ക്ക് ടൈംസ് ഒന്നാം പേജ് ഇങ്ങനെ ആയിരുന്നു

മേയ് 21 വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് അന്താരാഷ്ട്ര എഡിഷന്‍ പ്രസിദ്ധീകരിച്ച ഒന്നാം പേജില്‍ മുതലയുടെ ചിത്രം പോയിട്ട് നിഴല്‍ പോലുമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോഡിയെ കുറിച്ച് എന്തെങ്കിലും ഒരു വാര്‍ത്തയും ഒന്നാം പേജില്‍ എവിടേയുമില്ല. സിറിയയില്‍ ആളുകള്‍ കൂടുതലായി സൗരോര്‍ജത്തെ ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രമായിരുന്നു ഒന്നാം പേജില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചത്. ലീഡ് ചിത്രത്തിനൊപ്പമുള്ള തലക്കെട്ട് ഇങ്ങനെ: 'മറ്റൊരു മാര്‍ഗവുമില്ല. സൗരോര്‍ജ്ജം ഒരു ദൈവാനുഗ്രഹം.' സിറിയയിലെ ബിന്നിഷില്‍ നിന്നുള്ള ചിത്രമായിരുന്നു ഇതോടൊപ്പം ഉണ്ടായിരുന്നത്. 10 വര്‍ഷത്തെ യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ സൗരോര്‍ജത്തെ പുണര്‍ന്നിരിക്കുന്നു. അവര്‍ക്കു ലഭ്യമായി ഏറ്റവും ചെലവ് ചുരുങ്ങിയ ഊര്‍ജമാണിതെന്നുമാണ് അടിക്കുറിപ്പില്‍ പറയുന്നത്. ഈ ചിത്രവും തലക്കെട്ടും വെട്ടിമാറ്റി കൃത്രിമമായി മുതല കണ്ണീരൊഴുക്കുന്ന ചിത്രം കൂട്ടിച്ചേര്‍ത്താണ് വ്യാജ ഒന്നാം പേജ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.

Latest News