ബംഗളൂരു- പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച വിമാനത്തിന് ആദ്യമായി വാണിജ്യ യാത്രാ അനുമതി ലഭിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) നിർമ്മിച്ച ഡ്രോണിയർ 228 ചെറു വിമാനത്തിനാണ് സാധാരണ യാത്രക്കാരെ വഹിച്ചു കൊണ്ട് ആഭ്യന്തര പറക്കലിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്. 19 സീറ്റുകളുള്ള ഈ വിമാനം ഇതുവരെ സൈനികാവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. ഇനിമുതൽ വിമാന കമ്പനികൾക്ക് ചെറിയ സർവീസുകൾ നടത്താൻ ഈ വിമാനം വാങ്ങാം. ഇതിനുള്ള എല്ലാ അനുമതികളും ഡ്രോണിയർ 228 ന് ലഭിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരം ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വിമാന സർവീസുകൾക്ക് ഈ വിമാനം ഉപയോഗിക്കാം. ഈ പദ്ധതിയുടെ ഭാഗമായുള്ള സർവീസുകൾക്ക് ഈ വിമാനങ്ങൾ ഉപയോഗിക്കുന്ന കമ്പനികൾക്ക് പ്രത്യേക ഇളവുകളും ലഭിച്ചേക്കാമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകുന്നു.
സിവിൽ ആവശ്യങ്ങൾക്കായി നേപ്പാളിലും ശ്രീലങ്കയിലും ഡ്രോണിയർ 228 വിമാനം വിൽക്കാൻ എച്ച് എ എല്ലിനു പദ്ധതിയുണ്ട്. ബഹുവിധാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ചെറിയ യാ്ത്രാ വിമാനമെന്നാണ് ഡ്രോണിയർ 228നെ എച്ച് എ എൽ വിശേഷിപ്പിക്കുന്നത്. സാധാരണ യാത്രയ്ക്കും, എയർ ടാക്‌സി ആയും കോസ്റ്റ് ഗാർഡിന്റെ ആവശ്യങ്ങൾക്കും, സമുദ്ര നിരീക്ഷണത്തിനും ഈ വിമാനം ഉപയോഗിക്കാമെന്ന കമ്പനി പറയുന്നു.