ചെന്നൈ- തമിഴ്‌നാട്ടിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരും. നേരത്തെ മേയ് 24 വരെയായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് കോവിഡ് മരണങ്ങളും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. വെള്ളിയാഴ്ച 467 പേരാണ് മരിച്ചത്. 36,184 പുതിയ കോവിഡ് കേസുകളും റിപോര്‍ട്ട് ചെയ്തിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം കടകള്‍ നാളെ രാത്രി ഒമ്പതു മണി വരെ തുറക്കാന്‍ അനുവദിക്കും. സംസ്ഥാനത്തുടനീളം തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പച്ചക്കറി, പഴം വിതരണത്തിന് മൊബൈല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. നഗരങ്ങളിലെ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.
ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കാം. ജില്ലയ്ക്കകത്ത് ഇ-രജിസ്‌ട്രേഷന്‍ ഇല്ലാതെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം യാത്ര അനുവദിക്കും. മരുന്ന്, പാല്‍, കുടിവെള്ളം, പത്രം എന്നിവയുടെ വിതരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാ വിലക്കില്ല. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ മാത്രമെ സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ അനുമതിയുള്ളൂ. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. രാവിലെ 6-10, ഉച്ചയ്ക്ക് 12-3, വൈകീട്ട് 6-9 എന്നീ ഇടവിട്ട സമയങ്ങളില്‍ മാത്രം ഭക്ഷണശാലകളില്‍ പാഴ്‌സല്‍ വാങ്ങാം.