മക്ക - ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ വിശുദ്ധ ഹറമിൽ മിമ്പറിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച് അറസ്റ്റിലായത് നാൽപതു വയസ് പ്രായമുള്ള സൗദി യുവാവാണെന്ന് സുരക്ഷാ വകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രസംഗ പീഠം ലക്ഷ്യമാക്കി ഓടിയണഞ്ഞ, ഇഹ്റാം വേഷത്തിലുള്ള യുവാവിനെ മിമ്പറിനു താഴെ വെച്ച് സുരക്ഷാ സൈനികർ ഞൊടിയിടൽ കീഴടക്കുകയായിരുന്നു. ഊന്നുവടിക്ക് സമാനമായ മുട്ടൻവടി കൈയിലേന്തിയാണ് യുവാവ് മിമ്പറിൽ ഓടിക്കയറി ഹറം ഇമാമിനെ ആക്രമിക്കാൻ ശ്രമിച്ചത്. അന്ത്യനാളിൽ ലോകത്ത് പ്രത്യക്ഷപ്പെടുമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്ന മഹ്ദിയാണ് താൻ എന്നാണ് യുവാവ് വാദിച്ചത്. യുവാവിന്റെ മാനസികാരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തിയതായും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
ജുമുഅക്കിടെ ഹറം മിമ്പറിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ ക്ഷണനേരത്തിൽ തടയുകയും ബലപ്രയോഗത്തിലൂടെ കീഴടക്കുകയും ചെയ്ത സുരക്ഷാ സൈനികർക്ക് സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് അനുമോദന പ്രവാഹം. ആയിരക്കണക്കിന് സാമൂഹികമാധ്യമ ഉപയോക്താക്കൾ സൗദി സുരക്ഷാ സൈനികരുടെ ജാഗ്രതയെയും കൃത്യനിർവഹണത്തെയും പ്രശംസിക്കുകയും സുരക്ഷാ ഭടന്മാർക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വിശുദ്ധ ഹറമിൽ വിശ്വാസികളുടെയും തീർഥാടകരുടെയും സമാധാനത്തിന് ഭംഗമുണ്ടാക്കുന്ന ഏതു സംഭവങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സൗദി സുരക്ഷാ സൈനികരുടെ സുസജ്ജതയാണ് ഹറമിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവം വ്യക്തമാക്കുന്നതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.