Sorry, you need to enable JavaScript to visit this website.

ഗാസയിൽ വെടിനിർത്തൽ കരാർ: ഖത്തർ  ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് ഐക്യരാഷ്ട്ര സഭ

ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി യു.എൻ പ്രതിനിധി ടോർ വെന്നസ് ലാൻഡുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നു.

ദോഹ - പതിനൊന്ന് ദിവസം നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ സാക്ഷാൽക്കരിക്കാൻ ആത്മാർഥമായി പരിശ്രമിച്ച ഖത്തറിന് കൃതജ്ഞത രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന.
മേഖലയെ സംഘർഷ ഭരിതമാക്കിയ ആക്രമണങ്ങൾ അവസാനിപ്പിച്ച് ഗാസയിൽ വെടിനിർത്തൽ കരാർ സാക്ഷാൽകൃതമായത് ഖത്തറിന്റെ പരിശ്രമം മൂലമാണെന്നും ഖത്തർ നടപടികൾ ശ്ലാഘനീയമാണെന്നും ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.


ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങളെത്തുടർന്നാണ് ഉടമ്പടി നിലവിൽ വന്നത്, ഇരു രാജ്യങ്ങളെയും ലോക നേതാക്കൾ പ്രശംസിച്ചു. 'ഗാസയും ഇസ്രായിലിനുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എന്നുമായി സഹകരിച്ച് നടത്തിയ ശ്രമങ്ങൾക്ക് ഈജിപ്തിനെയും ഖത്തറിനെയും അഭിനന്ദിക്കുന്നു'-- സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ (യു.എൻ) ആസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തലിനായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യു.എൻ മിഡിൽ ഈസ്റ്റ് പീസ് പ്രോസസ് സ്പെഷ്യൽ കോർഡിനേറ്റർ ടോർ വെന്നസ് ലാൻഡും ഖത്തറിന് നന്ദി പറഞ്ഞു. 'ഗാസയും ഇസ്രായിലും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്യുന്നു. അക്രമത്തിന് ഇരയായവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും എന്റെ അനുശോചനം അറിയിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ഞങ്ങളോടൊപ്പം നടത്തിയ ശ്രമങ്ങൾക്ക് ഈജിപ്തിനെയും ഖത്തറിനെയും ഞാൻ അഭിനന്ദിക്കുന്നു'-- ടോർ വെന്നസ് ലാൻഡ് ട്വീറ്റ് ചെയ്തു.


വെടിനിർത്തൽ പ്രഖ്യാപനത്തെ ഈ സംഘം സ്വാഗതം ചെയ്യുന്നു. ഇതിൽ ഈജിപ്ത്, ഖത്തർ, ഐക്യരാഷ്ട്രസഭ, യുനൈറ്റഡ് സ്റ്റേറ്റ്സ്, എന്നിവർക്കൊപ്പം പ്രവർത്തിച്ച മറ്റുള്ളവരെയും ഞങ്ങൾ അഭിനന്ദിക്കുന്നുവെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു.
ഖത്തർ സന്ദർശിക്കുന്ന വെന്നസ് ലാൻഡുമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി ഇന്ന് കൂടിക്കാഴ്ച നടത്തി. ഫലസ്തീനിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും വിലയിരുത്തി.


ഇസ്രായിലും ഫലസ്തീൻ ജനതയും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത ഖത്തർ വിദേശകാര്യ മന്ത്രി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ ഈ കരാർ സഹായകമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാറിന് സഹായിച്ച ഐക്യരാഷ്ട്ര സംഘടനയേയും ഈജിപ്തിനേയും ഖത്തർ വിദേശകാര്യ മന്ത്രി പ്രത്യേകം പ്രശംസിച്ചു.
ഫലസ്തീൻ പ്രശ്നത്തിൽ ഖത്തറിന് ഉറച്ച നിലപാടാണുള്ളതെന്നും 1967 ലെ അതിർത്തികളനുസരിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അവരുടെ അവകാശമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.

Latest News