Sorry, you need to enable JavaScript to visit this website.

സുഹൃത്തുക്കൾ ചതിച്ചു; ഫെയ്‌സ്ബുക്കിൽ സന്ദേശം പോസ്റ്റ് ചെയ്ത് പ്രവാസി യുവാവ് ജീവനൊടുക്കി

ഷഫീർ പി.എൻ  വീഡിയോ  സന്ദേശത്തിൽ

കണ്ണൂർ - ഗൾഫിലെ സുഹൃത്തുക്കൾ ചതിച്ചുവെന്ന വീഡിയോ സന്ദേശം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം പ്രവാസി യുവാവ് ജീവനൊടുക്കി. കണ്ണൂർ നടാലിലെ പി.എൻ. ഷഫീറാണ് (33) വീട്ടിനകത്ത് തൂങ്ങിമരിച്ചത്. സന്ദേശം കണ്ട് സുഹൃത്തുക്കളും മറ്റും ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഖത്തറിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന യുവാവ് നാട്ടിൽ എത്തിയതാണ്. അടുത്ത സുഹൃത്തായ കണ്ണൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ചതിച്ചതെന്നും ദേഹത്ത് ചിപ്പ് ഘടിപ്പിച്ച് താൻ പറയുന്നതും ചെയ്യുന്നതുമെല്ലാം അവർ മനസ്സിലാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കിയത്.


ഖത്തറിൽ ജോലി ചെയ്തിരുന്നതിനിടെ ചിലരുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന് ശേഷം ഇവർ പലതവണ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതിന് ശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും യുവാവ് പറയുന്നു. ഗൾഫിൽ വെച്ച് താൻ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ അപ്പപ്പോൾ തന്നെ മറ്റുള്ളവർ കൃത്യമായി പറയുന്നത് പതിവായിരുന്നു. ഇത് എന്താണെന്ന് മനസ്സിലായിരുന്നില്ല. പിന്നീടാണ് തന്റെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച് താൻ പറയുന്നതും ചെയ്യുന്നതും അവർ  മനസിലാക്കിയതെന്ന് ബോധ്യമായത്. നാട്ടിലെത്തിയപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയി പരിശോധന നടത്തിയെങ്കിലും ചിപ്പ് കണ്ടെത്താനായില്ല. പിന്നീടും ഇവർ ഗൾഫിൽനിന്നും വിളിച്ച് ഇവിടെ നടന്ന പല കാര്യങ്ങളും പറഞ്ഞു. തനിക്ക് ഒരിക്കലും ഇത് കണ്ടെത്താനാവില്ലെന്നും മരണം വരെ അത് തന്റെ ശരീരത്തിലുണ്ടാവുമെന്നും അവർ പറഞ്ഞു. ഈ സംഭാഷണം റെക്കോർഡ് ചെയ്തത് മൊബൈലിലുണ്ട്.


ഗൾഫിലുണ്ടായിരുന്ന സമയത്ത് തന്റെ ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി നൽകിയതിനെത്തുടർന്ന് ഒന്നര ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു. ഖത്തറിലുള്ള കണ്ണൂർ അഞ്ചരക്കണ്ടി മാമ്പ സ്വദേശി അജ്മലിന്റെ നേതൃത്വത്തിലാണ് ഇത് ചെയ്തത്. തന്റെ മരണത്തിന്റെ ഉത്തരവാദി അജ്മലും കൂട്ടരുമാണ്. ഒപ്പം ലഖ്‌നൗ സ്വദേശികളായ ഫുഖ്‌റാൻ, അസ്‌ദേ, സുൽഫത്ത് പെർഫ്യൂംസിലെ സുൽത്താൻ, അയാളുടെ അമ്മാവൻ, അടുത്ത കടകളിലുള്ള സുമൻ, താഹിർ, ഹുരാൾ എന്നിവരാണ് ഈ സംഘത്തിലുള്ളതെന്ന് ഷഫീർ പറയുന്നു.


ഈ സന്ദേശം തന്റെ മരണ മൊഴിയായി കണക്കാക്കണമെന്നും ശരീരം എം.ആർ.ഐ സ്‌കാനിംഗിന് വിധേയമാക്കി ഈ സംഭവത്തിലെ സത്യാവസ്ഥ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വീഡിയോയിൽ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയും മാധ്യമങ്ങളും ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഷഫീർ ഉന്നയിച്ചു. വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ സുഹൃത്തുക്കളും മറ്റും അപ്പോൾ തന്നെ മറു സന്ദേശങ്ങൾ അയച്ചുവെങ്കിലും ഫലമുണ്ടായില്ല.

Latest News