ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ സെര്‍വറുകളില്‍ വന്‍ സൈബര്‍ ആക്രമണം നടന്നു. യാത്രക്കാരുടെ പാസ്‌പോര്‍ട്ട്, ടിക്കറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെ സുപ്രധാന വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. ലോകത്തൊട്ടാകെ 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. 2011 ഓഗസ്റ്റ് 26നും 2021 ഫെബ്രുവരിമൂന്നിനുമിടയിലാണ് ഈ വന്‍ ഡേറ്റ ചോര്‍ച്ച സംഭവിച്ചതെന്ന് എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് ആദ്യമായി വിവരം ലഭിച്ചത് ഈ വര്‍ഷം ഫെബ്രുവരി 25നാണെന്ന് എയര്‍ ഇന്ത്യ പറയുന്നു. ഏതെല്ലാം ഡേറ്റയാണ് ചോര്‍ന്നത് എന്നതു സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചത് മാര്‍ച്ച് 25നും ഏപ്രില്‍ അഞ്ചിനുമായിരുന്നുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
യാത്രക്കാരുടെ പേര്, ജനന തീയതി, വിലാസം, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് വിവരം, ടിക്കറ്റ് വിവരം, സ്റ്റാര്‍ അലയന്‍സ്-എയര്‍ ഇന്ത്യാ യാത്രാ വിവരങ്ങള്‍ എന്നീ ഡേറ്റകളാണ് മോഷ്ടിക്കപ്പെട്ടതെന്നും യാത്രക്കാരുടെ പാസ്‌വേഡുകളുമായി ബന്ധപ്പെട്ടവ ഒന്നും ചോര്‍ന്നിട്ടില്ലെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.