റിയാദ്- സൗദിയിൽ നിരോധിത കീടനാശിനികൾ നിർമിക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവും ഒരു കോടി റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം കീടനാശിനികൾ ഇറക്കുമതി ചെയ്യുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കാർഷിക വിഭവങ്ങൾ രാജ്യത്ത് പ്രവേശിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും, കന്നുകാലികളെ ഉപദ്രവിക്കുന്നതിനും വിലക്കുണ്ട്. ഇത് ലംഘിക്കുന്നവർക്കും അഞ്ചു വർഷം വരെ തടവും ഒരു കോടി റിയാൽ പിഴയും ശിക്ഷ ലഭിക്കും.
നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കും. നിയമ ലംഘനത്തിന് ശിക്ഷ വിധിച്ച കാര്യം അറിയിച്ചിട്ടും നിയമ ലംഘനം തുടരുന്നവർക്ക് ഓരോ ദിവസത്തിനും അധിക തുക പിഴ ചുമത്തും. ഇത്തരം കേസുകളിൽ ശിക്ഷക്കപ്പെടുന്നവരുടെ പേരുവിവരങ്ങളും അവർക്കുള്ള ശിക്ഷകളും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും വിധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.