ഇല്ലാത്ത രാജ്യത്തും യു.എസ് ഇടപെടും; ഫോണ്‍ കുസൃതിയില്‍ കുടുങ്ങി നിക്കി ഹാലി (video)

മോസ്‌കോ- ഐക്യരാഷ്ട്ര സംഘടനയിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലിയും ഫോണ്‍ കുസൃതിക്ക് ഇരയായി. വെളിപ്പെട്ടതാകട്ടെ നിക്കി ഹാലിയുടെ ഭൂമിശാസ്ത്രത്തെ കുറിച്ചുള്ള അജ്ഞതയും.
ലെക്‌സസ് എന്ന പേരില്‍ കുപ്രസിദ്ധനായ അലക്‌സി സ്റ്റോളിയറോവ് നടത്തിയ സംഭാഷണത്തില്‍ ബിനാമോ എന്ന പേരില്‍ ഒരു ദ്വീപ് രാഷ്ട്രമുണ്ടെന്ന് നിക്കി ഹാലി സമ്മതിക്കുന്നു. അവിടത്തെ പ്രശ്‌നങ്ങള്‍ ശ്രദ്ധയിലുണ്ടെന്നും ഇടപെടുമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്യുന്നു.
യു.എന്നില്‍ അമേരിക്കയുടെ സ്ഥിരം പ്രതിനിധിയെന്ന സുപ്രധാന സ്ഥാനം വഹിക്കുന്ന വ്യക്തിക്ക് പ്രാഥമിക ഭൂമിശാസ്ത്ര പരിജ്ഞാനമെങ്കിലും ആവശ്യമാണെന്ന് ഖേദകരമായ സംഭവം ചൂണ്ടിക്കാട്ടി ലെക്‌സസ് പിന്നീട് പ്രതികരിച്ചു.
പോളിഷ് പ്രധാനമന്ത്രിയാണെന്ന് വിശ്വസിപ്പിച്ചാണ് കുപ്രിസിദ്ധ റഷ്യന്‍ കോപ്രാട്ടിക്കാരായ വഌദിമിര്‍ കുസ്‌നെറ്റോവും (വോവന്‍) അലക്‌സി സ്‌റ്റോളിയറോവും (ലെക്‌സസ്) നിക്കി ഹാലിയുമായി ദീര്‍ഘ സംഭാഷണം നടത്തിയത്.
ദക്ഷിണ ചൈനാ സമുദ്രത്തില്‍ ഇരുവരും ചേര്‍ന്ന് ഭാവനയില്‍ സ്ഥാപിച്ച ബിനോമോ ദ്വീപ് രാഷ്ട്രത്തെ കുറിച്ചാണ് നിക്കി ഹാലിയോട് അന്വേഷിക്കുന്നത്.
ഈ രാജ്യം ഈയിടെയാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നും തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്നും പറഞ്ഞപ്പോള്‍ തീര്‍ച്ചയായും അവരതു ചെയ്തു കാണുമെന്നാണ് അംബാസഡര്‍ നിക്കി ഹാലി മറുപടി നല്‍കിയത്.
സ്ഥിതിഗതികളെ കുറിച്ച് യു.എസിന് നല്ല ബോധ്യമുണ്ടെന്നും മറ്റു പ്രശ്‌നങ്ങളിലെന്ന പോലെ ഇക്കാര്യവും നിരീക്ഷിക്കുമെന്നും അവര്‍ ഉറപ്പു നല്‍കുന്നു.

 

Latest News