ഗസ- 232 ഫലസ്തീനികളുടെ മരണത്തിനിടയാക്കിയ 11 ദിവസം നീണ്ട വ്യോമാക്രമണം അവസാനിപ്പിച്ച ഇസ്രായിലിന്റെ വെടിനിര്‍ത്തല്‍ തങ്ങളുടെ വിജയമാണെന്ന് ഫലസ്തീന്‍ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന സംഘടനയായ ഹമാസ്. ഗസയിലെങ്ങും വന്‍ വിജയാഘോഷങ്ങളാണ് പുലര്‍ച്ചെ മുതല്‍ നടക്കുന്നത്. ഗസ സിറ്റിയില്‍ നടന്ന കുറ്റന്‍ പ്രകടനത്തില്‍ സംസാരിക്കവെ മുതിര്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ ആണ് തങ്ങള്‍ വിജയിച്ചെന്ന് പ്രഖ്യാപിച്ചത്. ഇസ്രായില്‍ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രായിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇതു നിലവില്‍ വന്നു. ഇസ്രായിലിന്റെ ഭൂമികയ്യേറലിനെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് ഫലസ്തീനികളെ അല്‍ അഖ്‌സ മസ്ജിദ് പരിസരത്ത് ഇസ്രായില്‍ സേന ആക്രമിച്ചതോടെയാണ് ഏറ്റവും ഒടുവിലത്തെ സംഘര്‍ഷം രൂക്ഷമായത്. ഇസ്രായില്‍ ആക്രമണത്തിനു മറുപടിയായി ഹമാസ് റോക്കറ്റാക്രമണം നടത്തി. ഇതിനു മറുപടിയായി മേയ് 10 ആരംഭിച്ച ഇസ്രായിലിന്റെ വ്യോമാക്രണം വ്യാഴാഴ്ച വരെ തുടര്‍ന്നു. ഹമാസ് ആക്രമണത്തില്‍ 12 പേരാണ് ഇസ്രായിലില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ഒരാള്‍ മലയാളി നഴ്‌സും രണ്ടു പേര്‍ തായ്‌ലന്‍ഡുകാരും ഒരു സൈനികനും രണ്ടു കുട്ടികളും ഉള്‍പ്പെടും.