മുംബൈ- മഹാരാഷ്ട്രയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 13 നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഗാഡ്ചിരോലി ജില്ലയിലെ എറ്റപ്പള്ളിയിലെ കോട്മി വനമേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നക്‌സലുകളും പോലീസിലെ സി-60 കമാന്‍ഡോകളും തമ്മില്‍ ഏറ്റുമുട്ടിയത്. 13 നക്‌സലുകളെ വകവരുത്താന്‍ കഴിഞ്ഞത് വലിയ വിജയമായി പോലീസ് അവകാശപ്പെട്ടു. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്ന ഗാഡ്ചിരോലിയിലെ വനമേഖല.
കോട്മി വനത്തില്‍ നക്‌സലുകള്‍ യോഗം ചേര്‍ന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സി-60 കമാന്‍ഡോകള്‍ അടങ്ങുന്ന പോലീസ് സംഘം തെരച്ചില്‍ ആരംഭിച്ചതെന്ന് ഗഡ്ചിരോലി ഡി.ഐ.ജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. വനത്തില്‍ പോലീസിനെ കണ്ടതോടെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സി 60 കമാന്‍ഡോകള്‍ തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു
ആക്രമണത്തിനിടെ ചിതറിയോടിയ നക്‌സലുകളെ തേടി പോലീസ് വനത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട നക്‌സലുകളില്‍ മുതിര്‍ന്ന നേതാക്കളുമുണ്ടെന്ന് കരുതുന്നു. നേരത്തെ മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു.