ബംഗളൂരു- ജനങ്ങൾ മതത്തിന്റേയും ജാതിയുടേയും പേരിലാണ് തിരിച്ചറിയപ്പെടേണ്ടതെന്നും മതേതരത്വത്തിൽ വിശ്വസിക്കുന്നവർക്ക് സ്വത്വമില്ലെന്നും അവർക്ക് പാരമ്പര്യം അവകാശപ്പെടാനില്ലെന്നും കേന്ദ്ര മന്ത്രി അനന്ത് കമാർ ഹെഗ്‌ഡെ. ഭരണഘടന വെറും അംബേദ്കറിന്റെ ചിന്തകൾ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടന മാറ്റിഎഴുതേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'നാം അധികാരത്തിലെത്തിയിരിക്കുന്നത് ഭരണഘടനയിൽ മാറ്റം കൊണ്ടുവരാനാണ്്,' കർണാടകയിൽ കൊപ്പലിൽ ബ്രാഹ്മണ യുവ പരിഷത്തിന്റെ പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവന.
മതേതരരും പുരോഗമനവാദികളുമെന്ന് അവകാശപ്പെടുന്നവർക്ക് സ്വത്വമില്ല. അവർക്ക് പ്രപിതാക്കളുമായി രക്തബന്ധം പോലുമില്ല. സ്വത്വത്തിലൂടെ മാത്രമെ ഒരാൾക്ക് ആത്മാഭിമാനമുണ്ടാകൂ. മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ബ്രാഹ്മണർ, ലിങ്കായത്ത്, ഹൈന്ദവർ എന്നിങ്ങനെ ആളുകൾ സ്വയം തിരിച്ചറിയപ്പെടുന്നതിൽ സന്തോഷമെയുള്ളൂ. എന്നാൽ തങ്ങൾ മതേതരാണ് എന്നു പറയുമ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ഭരണഘടനയിൽ കാലക്രമേണ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അംബേദ്്കറുടെ ചിന്തകളെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയിൽ മാറ്റം വരേണ്ടതുണ്ട്. മനു സ്മൃതി ചൂണ്ടിക്കാട്ടി മതപരമായ ആചാരങ്ങളേയും പാരമ്പര്യങ്ങലേയും വിമർശിക്കുന്നവരെയും മന്ത്രി വിമർശിച്ചു. 'ഭരണഘടന കാലഹരണപ്പെട്ടിരിക്കുന്നു. ഇപ്പോൾ അംബേദ്കർ സ്മൃതിയെ കുറിച്ചു മാത്രമെ ചർച്ച ചെയ്യപ്പെടുന്നുള്ളൂ,'പുരോഗമനവാദികൾക്ക് ചരിത്രവും സംസ്‌കാരവും അറിയില്ലെന്നും സ്വന്തം തെറ്റുകൾക്ക് അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്നും ഹെഗ്‌ഡെ ആരോപിച്ചു.
കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധ സ്വരമുയർന്നു കഴിഞ്ഞു. ഒരു കേന്ദ്രമന്ത്രിയുടെ പദവിക്ക് ചേരുന്ന വാക്കുകളല്ല ഹെഗ്‌ഡെയുടേതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രതികരിച്ചു. ഹെഗ്‌ഡെയ്ക്ക് സംസ്‌കാരവും പാർലമെന്റി ഭാഷയും കൈമോശം വന്നിരിക്കുന്നു. ഒരു പഞ്ചായത്ത് അംഗം പോലുമായിരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല,' സിദ്ധാരാമയ്യ പറഞ്ഞു.