ഗസ- ഗസയില്‍ തുടര്‍ച്ചയായി 11 ദിവസം നടത്തി വന്ന വ്യോമാക്രമണം അവസാനിപ്പിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രഖ്യാപിച്ചു. പരസ്പരം വെടിനിര്‍ത്താന്‍ ഇസ്രായിലും ഹമാസും കരാറിലെത്തിയതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇതു പ്രകാരം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ ഇരു വിഭാഗവും വെടിനിര്‍ത്തും. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായി ഇസ്രായില്‍ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴചയും ഗസയിലേക്ക് ഇസ്രായില്‍ കനത്ത വ്യോമാക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതു. 11 ദിവസം നീണ്ട ആക്രമണത്തില്‍ 232 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 65 കുഞ്ഞുങ്ങളും ഉള്‍പ്പെടും. ഇസ്രായിലില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 12 പേരും കൊല്ലപ്പെട്ടു.
വെടിനിര്‍ത്താന്‍ വഴികളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായിലിലെ കാവല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.