ചണ്ഡീഗഢ്- വിവാഹം കഴിക്കാതെ ലിവ്-ഇന്‍ ബന്ധത്തില്‍ ഇണകൾക്ക് ഒന്നിച്ചു ജീവിക്കാന്‍ നിയമ വിലക്കുകളില്ലെന്ന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി. ഇണകള്‍ ഇങ്ങനെ കഴിയുന്നതിന് സാമൂഹിക അംഗീകാരം വര്‍ധിച്ചു വരികയാണെന്നും കോടതി നിരീക്ഷിച്ചു. പങ്കാളിയുമൊത്തുള്ള ജീവിതം വിവാഹത്തിലൂടെ ഔപചാരികമാക്കാനും അല്ലെങ്കില്‍ ലിവ്-ഇന്‍ ബന്ധത്തില്‍ അനൗപചാരികമായി തുടരാനും വ്യക്തിക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ബന്ധങ്ങള്‍ വിലക്കുന്ന നിയമങ്ങളില്ല, ഇത് കുറ്റകൃത്യമായി കണക്കാക്കുന്നുമില്ല. ഈ വ്യക്തികളും രാജ്യത്തെ മറ്റു പൗരന്മാര്‍ക്കുള്ള പോലെ നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്ക് അര്‍ഹരാണ്- കോടതി വ്യക്തമാക്കി.
ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ലിവ്-ഇന്‍ ബന്ധത്തിലുള്ള ഇണകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ഇവരുടെ ജീവനോ സ്വാതന്ത്ര്യമോ അപകടത്തിലാക്കരുതെന്നും ഹൈക്കോടതി ഹരിയാന പോലീസിനോട് ഉത്തരവിട്ടു. ജസ്റ്റിസ് സുധീര്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ നീരീക്ഷണം നടത്തിയത്.
ദിവസങ്ങള്‍ക്ക് ഇതേ കോടതിയിലെ മറ്റു രണ്ടു ബെഞ്ചുകള്‍ സമാനമായ ലിവ്-ഇന്‍ ബന്ധത്തിലുള്ള ദമ്പതികള്‍ സംരക്ഷണം തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയിരുന്നു. സംരക്ഷണം നല്‍കിയാല്‍ അത് സാമൂഹിക ചട്ടക്കൂടിന് വിഘാതമാകും എന്ന ചൂണ്ടിക്കാട്ടിയായിരുന്നു ഒരു ഹര്‍ജി തള്ളിയത്. മറ്റൊരു കേസില്‍, ഹര്‍ജിക്കാര്‍ അവരുടെ ലിവ്-ഇന്‍ ബന്ധത്തിന് കോടതി ഉത്തരവിലൂടെ സാധുത വരുത്താനാണ് ശ്രമിക്കുന്നതെന്നും ഇത് സാമൂഹികമായും ധാര്‍മികമായും സ്വീകാര്യമല്ലെന്നും സംരക്ഷണം നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയും തള്ളിയിരുന്നു.
മൂന്നാമത്തെ ഹര്‍ജിയില്‍, ഇണകള്‍ക്ക് സംരക്ഷണം നല്‍കാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ലിവ്-ഇന്‍ ബന്ധങ്ങള്‍ നിയമപരമല്ലെന്നും സമൂഹം എതിര്‍ക്കുന്നതാണെന്നും സംരക്ഷണം നല്‍കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. രാജ്യത്തെ പരമോന്നത നിയമം ഇന്ത്യയുടെ ഭരണഘടനയാണെന്നും ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അതില്‍ അടിസ്ഥാന അവകാശങ്ങളായാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നുമായിരുന്നു ജസ്റ്റിസ് മിത്തലിന്റെ മറുപടി. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള പ്രകാരം ജീവിക്കാനും ഇണയെ തെരഞ്ഞെടുക്കാനുമുള്ള അവകാശവും ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി.