ചെന്നൈ- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളേയും ഉടന്‍ മോചിപ്പിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളമായി ജീവപര്യന്തം തടവില്‍ കഴിയുന്ന ഇവരുടെ ശിക്ഷ റദ്ദാക്കി ഉടന്‍ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 2018ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്‍ശ സ്വീകരിക്കണമെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ജനങ്ങളും ആഗ്രഹിക്കുന്നത് ഇതാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. മേയ് 19നാണ് സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. ഇത് വ്യാഴാഴ്ചയാണ് മാധ്യമങ്ങള്‍ക്കു നല്‍കിയത്.
മുരുകന്‍ എന്ന വി ശ്രീഹരന്‍, ഭാര്യ നളിനി, സന്താന്‍, എ.ജി പേരറിവാളന്‍, ജയകുമാര്‍, റോബര്‍ട് പയസ്, പി രവിചന്ദ്രന്‍ എന്നീ ഏഴു പേരാണ് രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇവരുടെ ശിക്ഷ പിന്നീട് സുപ്രീം കോടതി ജീവപര്യന്തമാക്കി വെട്ടിക്കുറക്കുയായിരുന്നു.
തമിഴ്‌നാട് സര്‍ക്കാര്‍ രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് 2018 സെപ്തംബര്‍ ഒമ്പതിന് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണെന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ ശുപാര്‍ശ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ലെന്നും സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.