Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിമാരെ പാവകളാക്കി, അപമാനിക്കുന്നു; പ്രധാനമന്ത്രി മോഡിയുടെ യോഗത്തിനെതിരെ മമത

കൊല്‍ക്കത്ത- കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം വന്‍ പരാജയമാണെന്നും മുഖ്യമന്ത്രിമാരെ നോക്കുകുത്തികളാക്കി അപമാനിക്കുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യോഗത്തില്‍ ഒരു മുഖ്യമന്ത്രിയെ പോലും സംസാരിക്കാന്‍ അനുവദിച്ചില്ല. എല്ലാ മുഖ്യമന്ത്രിമാരേയും പാവകളെ പോലെ ഇരുത്തി. ഒറ്റ രാജ്യം, എല്ലാവരേയും അപമാനിക്കല്‍, ഇതാണ് നടന്നത്. രാജ്യത്ത് ഏകാധിപത്യമാണെന്നും അവര്‍ ആഞ്ഞടിച്ചു. ദല്‍ഹിയിലെ ചക്രവര്‍ത്തി പറയുന്നത് എല്ലാം ശരിയായി എന്നാണ്. ഇവിടെ ആളുകള്‍ മരിച്ചു വീഴുകയാണ്. രാജ്യം ഒരു ഗുരുതര സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്തപോലെ ഭാവിക്കുന്നു- മമത രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

എല്ലാ മുഖ്യമന്ത്രിമാരേയും യോഗത്തില്‍ ക്ഷണിച്ചു. സംസാരിക്കാന്‍ അനുവദിച്ചില്ല. പിന്നെ എങ്ങനെ ആവശ്യങ്ങള്‍ ഉന്നയിക്കും. ഞങ്ങള്‍ അടിമത്തൊഴിലാളികള്‍ അല്ല. ഞങ്ങള്‍ അപമാനിക്കപ്പെടുകയാണുണ്ടായത്. ഇവിടെ നടക്കുന്നത് ഏകാധിപത്യമാണ്. പ്രധാനമന്ത്രി അരക്ഷിതാവസ്ഥയിലാണ്. മുഖ്യമന്ത്രിമാരെ അദ്ദേഹം ശ്രദ്ധിക്കുക പോലും ചെയ്തില്ല. എന്തിനാണ് ഈ ഭയം? - യോഗത്തിനു ശേഷം മമത പ്രതികരിച്ചു. 

രാജ്യത്തെ കോവിഡ് സാഹചര്യത്തെ നിസ്സാരമായി കണ്ടതിനും വാക്‌സിന്‍, ഓക്‌സിജന്‍, കോവിഡ് മരുന്നുകള്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയതിനും മമത മോഡിയെ വിമര്‍ശിച്ചു. ഫെഡറല്‍ ഘടന തകര്‍ത്തു തരിപ്പണമാക്കിയിരിക്കുകയാണ്. വന്‍കെട്ടിടങ്ങളും പ്രതിമകളും പണിയാന്‍ കേന്ദ്രത്തിന് സമയമുണ്ട്, എന്നാല്‍ മുഖ്യമന്ത്രിമാരെ കേള്‍ക്കാന്‍ സമയമില്ല- മമത ആരോപിച്ചു.

Latest News