സിഡ്‌നി- വീട്ടിലേക്ക് അതിക്രമിച്ചു കയറിയ കള്ളനെ വെടിവച്ചു കൊന്ന ഓസ്‌ട്രേലിയക്കാരനായ വീട്ടുടമ മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച് 15 വര്‍ഷം അതിനൊപ്പം ജീവിച്ചു. പുറംലോകവുമായി കൂടുതലൊന്നും അടുപ്പമില്ലാതെ അയല്‍ക്കാരെ പോലും അടുപ്പിക്കാതെ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന സിഡ്‌നി സ്വദേശിയായ ബ്രൂസ് റോബര്‍ട്‌സ് ആണ് 2002ല്‍ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഷെയ്ന്‍ സ്‌നെല്‍മാന്‍ എന്ന യുവാവിനെ വെടിവച്ചു കൊന്നത്. ശേഷം മൃതദേഹം വീട്ടില്‍ തന്നെ ഒളിപ്പിച്ചു റോബര്‍ട്‌സ് ജീവിതം തുടര്‍ന്നു. ഈ വിവരം പുറംലോകം അറിയുന്നതിനു മുമ്പ് 2017ല്‍ റോബര്‍ട്‌സ് മരിക്കുകയും ചെയ്തു. ഇതിനു ശേഷം 2018ല്‍ ഈ വീടു വില്‍പ്പനയുമായി ബന്ധപ്പെട്ട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഷെയ്ന്‍ സ്‌നെല്‍മാന്റെ പഴകി ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്.
കിട്ടുന്ന വസ്തുക്കളെല്ലാം ഒളിപ്പിച്ചു വയ്ക്കുന്ന ശീലമുണ്ടായിരുന്നു റോബര്‍ട്‌സിന്. വീട്ടിലെ ജാലകങ്ങള്‍ പോലും പുറത്തു നിന്ന് പൂര്‍ണമായും കാഴ്ച മറയുന്ന രീതിയില്‍ മറച്ചിരുന്നു. കുമിഞ്ഞുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഷെയ്‌നിന്റെ മൃതദേഹം ലഭിച്ചത്. തൊട്ടടുത്ത് നിന്ന് എയര്‍ ഫ്രഷ്‌നറിന്റെ 70 ബോട്ടിലുകളും ലഭിച്ചു. മൃതദേഹം അഴുകിയ മണം ഇല്ലാതാക്കാന്‍ ഉപയോഗിച്ചവയാണ് ഇതെന്ന് സംശയിക്കപ്പെടുന്നു.
ഇതു സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ ദിവസം കോടതി പരിഗണനയ്‌ക്കെടുത്തതോടെയാണ് ഈ കഥകളെല്ലാം പുറംലോകം അറിയുന്നത്. കൊല്ലപ്പെട്ട ഷെയ്ന്‍ സ്‌നെല്‍മാന്‍ മയക്കുമരുന്ന് അടിമയായിരുന്നെന്നും നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്നും നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അന്വേഷണ റിപോര്‍ട്ടിലുണ്ട്. റോബര്‍ട്‌സിന്റെ വീട്ടനകത്ത് വസ്ത്രത്തോടെ തന്നെ ഇരിക്കുന്ന നിലയിലായിരുന്നു ഷെയ്ന്‍ സ്‌നെല്‍മാന്റെ മൃതദേഹം. ശരീരത്തില്‍ വെടിയേറ്റ പാടും ഉണ്ടായിരുന്നു. ഡിഎന്‍എ, വിരലയടയാള പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സ്‌നെല്‍മാനെ കൊലപ്പെടുത്തിയ റോബര്‍ട്‌സ് 2017ല്‍ ഹൃദായാഘാതം മൂലമാണ് മരണപ്പെട്ടത്. ദിവസങ്ങള്‍ക്കു ശേഷമമാണ് ഈ മരണവും പുറത്തറിയുന്നത്. റോബര്‍ട്‌സിന്റെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ച 19 ആയുധങ്ങളും വെടിക്കോപ്പുകളുടെ വന്‍ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു. 10 ലക്ഷം ഡോളര്‍ സമ്പാദ്യം പാരമ്പര്യമായി ലഭിച്ച റോബര്‍ട്‌സ് ഒരു ജോലിയും ചെയ്യാതെ വീട്ടില്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്. പ്രായമേറുന്തോറും ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി അയല്‍ക്കാരും പറയുന്നു. ബന്ധുക്കളില്‍ നിന്ന് വില കൊടുത്തു വാങ്ങിയതായിരുന്നു വീട്. 2017ല്‍ 60ാം വയസ്സില്‍ മരിക്കുമ്പോള്‍ റോബര്‍ട്‌സിന് 60 ലക്ഷം ഡോളര്‍ ബാങ്ക് ബാലന്‍സും ഉണ്ടായിരുന്നു.