ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ ക്ഷമ പരീക്ഷിക്കരുതെന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ മാസങ്ങളായി സമരം ചെയ്യുന്ന കര്‍ഷകര്‍. ചര്‍ച്ച തുടങ്ങി ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് പ്രധാനമായും ഇപ്പോള്‍ സിംഘു, തിക്രി, ഗാസിപൂര്‍ എന്നീ ദല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കാര്‍ഷിക വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. ആറു മാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഇവിടെ സമരം തുടരുകയാണ്.
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴ ദല്‍ഹിയിലും എത്തിയതോടെ പല സമര വേദികളിലും നഷ്ടങ്ങളും തടസ്സങ്ങളും ഉണ്ടായെന്നും കര്‍ഷകര്‍ പറയുന്നു. ഭക്ഷണ, താമസ സൗകര്യങ്ങള്‍ക്ക് പ്രയാസം നേരിടും. സമരവേദികളിലേക്കുള്ള വഴികളധികവും വെള്ളക്കെട്ടിലാണ്. ആറു മാസമായി ഇത്തരം നിരവധി പ്രതികൂല സാഹചര്യങ്ങളേയും സര്‍ക്കാരിന്റെ പിന്തുണയില്ലാതെ കര്‍ഷകര്‍ ഒറ്റയ്ക്കാണ് നേരിട്ടതെന്നും കര്‍ഷകര്‍ പറയുന്നു.
ഈ കര്‍ഷക സമരത്തിനിടെ 470 കര്‍ഷകര്‍ രക്തസാക്ഷികളായി. നിരവധി സമരക്കാര്‍ക്ക് അവരുടെ ജോലിയും വിദ്യാഭ്യാസവും ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമീപനം വളരെ മനുഷ്യത്വരഹിതവും സ്വന്തം പൗരന്മാരോടുള്ള അവഗണനയുമാണ്. അന്ന ദാതാക്കളായ കര്‍ഷകരുടെ ക്ഷേമം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങി ആവശ്യങ്ങള്‍ അംഗീകരിക്കണം- സംയുക്ത് കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇതുവരെ 11 ചര്‍ച്ചകളാണ് സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടന്നത്. എന്നാല്‍ ഇരു പക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച എങ്ങുമെത്തിയില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ഈ നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും കര്‍ഷകര്‍ ഇതു തള്ളുകയായിരുന്നു. പിന്നീട് ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവെ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് ഉത്തരവിട്ട കോടതി പ്രശ്‌നം പരിഹരിക്കാന്‍ ഒരു സമിതിയേയും നിയോഗിച്ചിരുന്നു.