ബംഗളൂരു - അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ നിക്ഷേപിച്ചത് ആരാണെന്ന് രേഖകൾ സഹിതം വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകനോട് കർണാടക ഹൈക്കോടതി. മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപ് അല്ലെങ്കിൽ ആരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. ജാമ്യഹരജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. എന്നാൽ പണം മുഴുവൻ നിക്ഷേപിച്ചത് മുഹമ്മദ് അനൂപ് അല്ലെന്നും കഴിഞ്ഞ എട്ട് വർഷത്തിനിടെ പഴം, പച്ചക്കറി, മത്സ്യ വ്യാപാരം വഴി ലഭിച്ചതാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇഡി കേസിന് ആധാരമായ മയക്കുമരുന്ന് കേസിൽ ബിനീഷിനെ എൻസിബി പ്രതി ചേർത്തിട്ടില്ലെന്ന് അഭിഭാഷകൻ ആവർത്തിച്ചു. കുറ്റപത്രത്തിൽ പണം മുഴുവൻ നിക്ഷേപിച്ചത് മുഹമ്മദ് അനൂപാണെന്ന് പറയുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്നിൽ മൂന്നാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി പരിഗണനയ്ക്ക് എത്തുന്നത്. അച്ഛൻ കോടിയേരി ബാലകൃഷ്ണന് കാൻസർ ബാധ നാലാം സ്‌റ്റേജിലാണെന്നും മകനായ താൻ അടുത്ത് വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
ബാങ്കിടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ അഭിഭാഷകന് ആകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവ് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാമെന്ന് അറിയിച്ച കോടതി കേസ് പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദങ്ങൾ എഴുതി സമർപ്പിച്ചിരുന്നു. എന്നാൽ ഇഡിയുടെ വിശദമായ വാദം കേൾക്കാതെ വിധി പറയാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് കേസ് ഇന്നലത്തേക്ക് മാറ്റിയത്. ബംഗളൂരു ലഹരിക്കടത്ത് കേസിൽ മുഹമ്മദ് അനൂപ് അറസ്റ്റിലായതോടെയാണ് അന്വേഷണത്തിൽ ബിനീഷും ഉൾപ്പെട്ടത്. തുടർന്ന് നവംബറിൽ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി തടവിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.