ഭുവനേശ്വര്‍- മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറുന്ന ചിത്രങ്ങള്‍ ഒറീസില്‍ നിന്നാണ് പുറത്തു വന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതോടെ വലിയ ചര്‍ച്ചയായി. മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുനിസിപ്പാലിറ്റി അധികൃതര്‍ വീഴ്ച വരുത്തിയെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഒറീസയിലെ ബിജാഖമന്‍ ശ്മശാനത്തിലെത്തിച്ച മൃതദേഹമാണ് തെരുവുനായ്ക്കള്‍ തിന്നത്. പാതി ദഹിപ്പിച്ച മൃതദേഹമായിരുന്നു അത്. വിറക് കിട്ടാത്തത് കാരണമാണ് പൂര്‍ണമായും ദഹിപ്പിക്കാന്‍ സാധിക്കാത്തതെന്ന് ചില ജീവനക്കാര്‍ സൂചിപ്പിക്കുന്നു. കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നു എന്നാണ് ആരോപണം. പ്രദേശത്തെ ജനങ്ങള്‍ സബ്കലക്ടറെ സമീപിച്ചു. ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. 7500 രൂപയാണ് ഒരു മൃതദേഹം ദഹിപ്പിക്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ വാങ്ങുന്നത്. കൊറോണ രോഗികള്‍ മരിച്ചാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാറില്ല. വേഗം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. ശ്മശാനങ്ങളില്‍ മൃതദേഹവുമായി എത്തിയവരുടെ നീണ്ട നിരകളാണ് എവിടെയും. പ്രതിഷേധം ശക്തമായതോടെ ബാലംഗീര്‍ സബ് കലക്ടര്‍ ലംബോധര്‍ ധാരുവ ശ്മശാനം സന്ദര്‍ശിച്ചു. ശ്മശാനത്തില്‍ ശൂചീകരണം നടത്താനും തെരുവ് നായകള്‍ കടക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.