ന്യൂദൽഹി- മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലേക്ക് വരാനുള്ള നീക്കം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ശക്തമാക്കി. നിലവിൽ മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ സ്ഥാനം രാജിവെച്ച് പകരം സംസ്ഥാന ജനറൽ സെക്രട്ടറിയാകാനുള്ള നീക്കമാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്. കെ.പി.എ മജീദ് തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയായപ്പോഴുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന് പി.എം.എ സലാമിനെ ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി താൽക്കാലികമായി നിയമിച്ചിരുന്നു. മജീദ് തിരൂരങ്ങാടിയിൽനിന്ന് വിജയിച്ച സഹചര്യത്തിൽ അദ്ദേഹം ഇനി സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലേക്ക് വരില്ല. തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചർച്ചകളിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുതമലയുണ്ടായിട്ടും പി.എം.എ സലാം പല യോഗത്തിലും പങ്കെടുത്തിരുന്നില്ല. ലീഗിന് പുതുതലമുറ നേതൃത്വം വരണമെന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമായുണ്ട്. പുതിയ ജനറൽ സെക്രട്ടറിയായി തിരൂർ മുൻ എം.എൽ.എ സി. മമ്മൂട്ടിയുടെ പേരാണ് ഉയർന്നുകേട്ടിരുന്നത്. കെ.എം ഷാജിക്കും സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ കണ്ണുണ്ടായിരുന്നു. സി. മമ്മൂട്ടി ജനറൽ സെക്രട്ടറിയായി വന്നേക്കുമെന്ന സൂചന ശക്തമായപ്പോഴാണ് ഈ സ്ഥാനത്തേക്ക് വീണ്ടുമെത്താൻ വേങ്ങരയിൽനിന്നുള്ള എം.എൽ.എയായ കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കുന്നത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പദം നിലവിൽ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയായ ഇ.ടി മുഹമ്മദ് ബഷീറിനെ ഏൽപ്പിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലേക്ക് വരാനുള്ള നീക്കമാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്.
കുഞ്ഞാലിക്കുട്ടി ലീഗ് ജനറൽ സെക്രട്ടറിയാകുന്നതിന് എതിരെ പാർട്ടിയുടെ ഉള്ളിൽ ശക്തമായ വിയോജിപ്പുണ്ട്. എന്നാൽ അതെല്ലാം മറികടക്കാനാകുമെന്നാണ് കുഞ്ഞാലിക്കുട്ടിയും അനുകൂലികളും കരുതുന്നത്. മുസ്്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ദേശീയ ജനറൽ സെക്രട്ടറിയേക്കാൾ അധികാരം സംസ്ഥാന ജനറൽ സെക്രട്ടറിക്കാണ്. ഈ സ്ഥാനം കൈക്കലാക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് അവസാനിച്ച ഉടൻ കുഞ്ഞാലിക്കുട്ടി തുടങ്ങിയിരുന്നു. വൈകാതെ ജനറൽ സെക്രട്ടറി സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്നാണ് സൂചന. മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പിന്തുണ ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിക്കുണ്ട്. ഇതുവഴി എളുപ്പത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലേക്ക് ഒരിക്കൽ കൂടിയെത്താൻ കുഞ്ഞാലിക്കുട്ടിക്ക് സാധിക്കും. ഇതോടെ മുസ്ലിം ലീഗിലെ അധികാരകേന്ദ്രം കേരളം കേന്ദ്രമാക്കി വീണ്ടും കുഞ്ഞാലിക്കുട്ടിക്കാകും. എം.പി സ്ഥാനം രാജിവച്ചാണ് വേങ്ങരയിൽനിന്ന് വീണ്ടും മത്സരിച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് എത്തിയത്.