Sorry, you need to enable JavaScript to visit this website.

സൗദി വിരുദ്ധ പ്രസ്താവന: ലെബനീസ് മന്ത്രി രാജിവെച്ചു

റിയാദ് - സൗദി അറേബ്യയെയും ഗൾഫ് രാജ്യങ്ങളെയും അപകീർത്തിപ്പെടുത്തി വിവാദത്തിലകപ്പെട്ട ലെബനീസ് വിദേശ, പ്രവാസികാര്യ മന്ത്രി ശർബൽ വഹബ രാജിവെച്ചു. പ്രസിഡന്റ് മിഷേൽ ഔനിനെ സന്ദർശിച്ച് ശർബൽ വഹബ രാജിക്കത്ത് കൈമാറുകയായിരുന്നു. ശർബൽ വഹബ രാജിക്കത്ത് സമർപ്പിച്ചതായി പ്രസിഡൻഷ്യൽ പാലസ് സ്ഥിരീകരിച്ചു. 
അൽഹുറ ചാനൽ പരിപാടിയിൽ പങ്കെടുത്ത് സൗദികൾ ബദുക്കളാണെന്നും സൗദി അറേബ്യയും ഗൾഫ് രാജ്യങ്ങളും മറ്റു അറബ് രാജ്യങ്ങളിൽ ഐ.എസ് ഭീകരരെ നട്ടുവളർത്തുകയാണെന്നും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുകയാണെന്നും മറ്റും ശർബൽ വഹബ പ്രസ്താവിച്ചത് ലെബനോനിലും അറബ് രാജ്യങ്ങളിലും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചാനൽ പരിപാടിയിൽ പങ്കെടുത്ത സൗദി രാഷ്ട്രീയ നിരീക്ഷകൻ സൽമാൻ അൽഅൻസാരിയെ അവഹേളിച്ചാണ് സൗദികൾ ബദുക്കളാണെന്ന് ശർബൽ വഹബ പറഞ്ഞത്. ശർബൽ വഹബ രാജിവെച്ച പശ്ചാത്തലത്തിൽ വിദശ മന്ത്രിയായി സൈന അകറിനെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 
അതേസമയം, ശർബൽ വഹബ നടത്തിയ പ്രസ്താവന നിരാകരിക്കുന്നതായി ലെബനീസ് മുഫ്തി ശൈഖ് അബ്ദുല്ലത്തീഫ് ദരിയാന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം ബെയ്‌റൂത്ത് സൗദി അംബാസഡർ വലീദ് ബുഖാരിയെ സന്ദർശിച്ച് വ്യക്തമാക്കി. സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് മുഫ്തിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അംബാസഡറെ സന്ദർശിച്ചത്. സൗദി അറേബ്യയോടും ഗൾഫ് രാജ്യങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി മുഫ്തി പറഞ്ഞു. സൗദി അറേബ്യയും ഗൾഫ് രാജ്യങ്ങളും ഒരു കാലത്തും ലെബനോനെ കൈയൊഴിഞ്ഞിട്ടില്ല. ലെബനീസ് വിദേശ മന്ത്രി നടത്തിയ അപകീർത്തി പ്രസ്താവന സൗദി അറേബ്യക്കും ഗൾഫ് രാജ്യങ്ങൾക്കും മാത്രമല്ല തങ്ങൾക്കും അപകീർത്തിയാണെന്ന് ഉന്നതതല സംഘം പറഞ്ഞു.
 

Latest News