ന്യൂദല്‍ഹി- കടുത്ത കോവിഡ് വാക്‌സിന്‍ ക്ഷാമം കാരണം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ കുത്തിവെപ്പ് നിലച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഒരു കമ്പനിക്ക് മാത്രം കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനു പകരം 10 കമ്പനികള്‍ക്കു കൂടി വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അനുമതി നല്‍കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. ഉല്‍പ്പാദിപ്പിക്കുന്നതിലേറെ വാക്‌സിന്‍ ആവശ്യമായി വന്നാല്‍ അത് പ്രശ്‌നം സൃഷ്ടിക്കും. ഒന്നിനു പകരം 10 കമ്പനികള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കാന്‍ അനുമതിയും റോയല്‍റ്റിയും നല്‍കണമെന്നായിരുന്നു ഗഡ്ഗരി പറഞ്ഞത്. വാക്‌സിന്‍ ഫോര്‍മുല രാജ്യത്തുടനീളമുള്ള ലാബുകള്‍ക്ക് കൈമാറി ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം യൂണിവേഴ്‌സി വിസിമാരുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ പറഞ്ഞു.
ഓരോ സംസ്ഥാനത്തും വാക്‌സിന്‍ ഉല്‍പ്പാദനത്തിന് അടിസ്ഥാന സൗകര്യമുള്ള രണ്ടോ മൂന്നോ ലാബുകളുണ്ടാകുമെന്ന് ഉറപ്പാണ്. ഇവര്‍ക്ക് ചേരുവ കൈമാറി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മേല്‍നോട്ടം നല്‍കണം. അവര്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യട്ടെ. അധികമായി വന്നാല്‍ കയറ്റുമതി ചെയ്യാമല്ലോ. 20 ദിവസത്തിനകം ഇത് സാധ്യമാകും. വാക്‌സിന്‍ ക്ഷാമവും പരിഹരിക്കപ്പെടും- ഗഡ്ഗകരി പറഞ്ഞു.
ഇതേ ആവശ്യം നേരത്തെ മഹാരാഷ്ട്ര, ദല്‍ഹി മുഖ്യമന്ത്രിമാരും ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രിയില്‍ നിന്ന് ഇത്തരമൊരു നിര്‍ദേശം വരുന്നത്. ഇതേ കാര്യമാണ് ഏപ്രില്‍ 18ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍ദേശിച്ചതെന്നും അദ്ദേഹത്തിന്റെ ബോസ് ഇത് വല്ലതും കേള്‍ക്കുന്നുണ്ടോ എന്നും കോണ്‍ഗ്രസ് എംപി ജയ്‌റാം രമേശ് ഗഡ്കരിയെ കൊട്ടി. ഈ നിര്‍ദേശത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമീപനത്തെ സൂചിപ്പിച്ചാണ് കോണ്‍ഗ്രസ് ഗഡ്കരിയെ കുത്തിയത്.
But is his Boss listening? This is what Dr. Manmohan Singh had suggested on April 18th. https://t.co/iqgPgJJ6Y7
— Jairam Ramesh (@Jairam_Ramesh) May 19, 2021