അമൃത്സര്‍- മാസത്തവണ പിരിവ് നടത്തി പണവുമായി മടങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാരനെ ബൈക്കിലെത്തിയ അജ്ഞാത അക്രമികള്‍ കൈവെട്ടി പണമടങ്ങിയ ബാഗ് തട്ടിയെടുത്തു മുങ്ങി. അമൃത് സറിലെ നൗഷേറ കലാനില്‍ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ ആനന്ദ് വിശ്വാസ് ആണ് ആക്രമിക്കപ്പെട്ടത്. ബാഗ് പിടിച്ചിരുന്ന ആനന്ദിന്റെ കൈ അക്രമികള്‍ വെട്ടിമുറിച്ചു. 1500 രൂപ, ഒരു ടാബ്‌ലെറ്റ്, ഒരു രജിസ്റ്റര്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. മാസത്തവണ പിരിവ് നടത്തി ആനന്ദ് ഓഫീസിലേക്ക് മടങ്ങവെയാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ആനന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആനന്ദിന്റെ സഹപ്രവര്‍ത്തകന്‍ അങ്കിത് മിത്തലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പണപ്പിരിവ് നടത്തി മടങ്ങുന്നതിനിടെ ഒരു ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അജ്ഞാതരാണ് ആക്രമിച്ചതെന്ന് അങ്കിത് പറഞ്ഞു. ബൈക്കില്‍ പിറകിലിരുന്ന ഒരു നിഹാങാണ് വാളുപയോഗിച്ച് ആനന്ദിന്റെ ബാഗ് പിടിച്ചിരുന്ന കൈവെട്ടി ബാഗ് തട്ടിയെടുത്തതെന്നും അങ്കിത് പറഞ്ഞു. ആനന്ദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സമീപ പ്രദേശത്തെ സിസിടിവി കാമറയില്‍ പതിഞ്ഞ പ്രതികള്‍ക്കു വേണ്ടി തിരിച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.