Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ മുസ്‌ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊന്നു; സംഘര്‍ഷം

ചണ്ഡീഗഢ്- ഹരിയാനയിലെ നുഹ് ജില്ലയില്‍ 27കാരനായ മുസ്‌ലിം യുവാവിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം. ഞായറാഴ്ചയാണ് ആസിഫ് ഹുസൈന്‍ എന്ന ജിം പരിശീലികനെ തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ചയാണ് മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് പ്രദേശത്ത് വ്യാപക സംഘര്‍ഷമുണ്ടായി. രോഷാകുലരായി തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. ആസിഫിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരും പോലീസിനു നേര്‍ക്ക് കല്ലെറിഞ്ഞു. 

നുഹിലെ ഖേഡ ഖാലിപൂര്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍ മരുന്ന് വാങ്ങാനായി രണ്ട് ബന്ധുക്കള്‍ക്കൊപ്പം പുറത്തിറങ്ങിയതായിരുന്നു. 12ഓളം പേര്‍ ഇവരെ വഴിയില്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന ബന്ധുക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷം ആക്രമികള്‍ ആസിഫ് ഹുസൈനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ആക്രമികള്‍ ആസിഫ് ഹുസൈനു നേര്‍ക്ക് വെടിവച്ചെന്നും മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ആക്രമികള്‍ കുറ്റകൃത്യ പശ്ചാത്തലമുള്ളവരാണെന്നും അക്രമിക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും പ്രദേശത്തെ കോണ്‍ഗ്രസ് എംഎല്‍എ അഫ്താബ് അഹ്‌മദ് ആവശ്യപ്പെട്ടു.

ഇരു സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ല സംഭവത്തിന് കാരണമെന്ന് നുഹ് ജില്ലാ പോലീസ് സുപ്രണ്ട് നരേന്ദ്ര സിങ് പറഞ്ഞു. രണ്ട് സംഘങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. അത് നാട്ടിലെ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. മുഖ്യപ്രതിയും കൊല്ലപ്പെട്ട ആസിഫ് ഹുസൈന്റെ നാട്ടുകാരനാണ്. ഏതാനും പ്രതികളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. സംഭവത്തില്‍ ഇരു വിഭാഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആറു പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു. പോലീസിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ 10 പേരെയും അറസ്റ്റ് ചെയ്തു.

Latest News