ന്യൂദല്‍ഹി- ദല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തിലുണ്ടായ അടിപടിയില്‍ മുന്‍ദേശീയ ജൂനിയര്‍ റസലിങ് താരം സാഗര്‍ റാണയെ കൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മുങ്ങി നടക്കുന്ന ഗുസ്തി താരം ഒളിംപ്യന്‍ സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ദല്‍ഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സുശീല്‍ കുമാറിന്റെ അറസ്റ്റിന് സഹായകമാകുന്ന വിവരം നല്‍കുന്നവര്‍ക്ക് പണം നല്‍കുമെന്ന് പോലീസ് അറിയിച്ചു. മറ്റൊരു പ്രതിയായ അജയിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപയും പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
23കാരനായ റാണയുടെ മരണത്തെ തുടര്‍ന്ന് സുശീല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ നേരത്തെ ദല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മേയ് നാലിനായിരുന്നു സംഭവം. തനിക്കെതിരേയും ആരോപണം ഉയര്‍ന്നതോടെ സുശീല്‍ മുങ്ങുകയായിരുന്നു.