Sorry, you need to enable JavaScript to visit this website.

തമിഴ്‌നാടിനെ ഞെട്ടിച്ച് ദിനകരന് ത്രസിപ്പിക്കുന്ന ജയം

ചെന്നൈ- തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയെ ഞെട്ടിച്ച് ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് ഫലം. നാൽപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുൻ മുഖ്യമന്ത്രി ജെ. ജയലളിത വിജയിച്ച മണ്ഡലത്തിൽനിന്ന് ടി.ടി.വി ദിനകരൻ വിജയിച്ചത്. എ.ഐ.എ.ഡി.എം.കെയിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് സ്വതന്ത്രനായാണ് അഴിമതി കേസിൽ ജയിലിലുള്ള വി.കെ ശശികലയുടെ ബന്ധുകൂടിയായ ദിനകരൻ ഇവിടെ മത്സരിച്ചത്.  എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ മൂന്നു മാസത്തിനകം താഴെയിറക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ ദിനകരൻ പ്രതികരിച്ചു. ഞങ്ങളാണ് യഥാർത്ഥ എ.ഐ.എ.ഡി.എം.കെയെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായും ദിനകരൻ അവകാശപ്പെട്ടു. എ.ഐ.എ.ഡി.എം.കെയിലെ ഇ.മധുസൂദനനെയാണ് ദിനകരൻ തോൽപ്പിച്ചത്. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയിലെ മരുതു ഗണേഷ് മൂന്നാം സ്ഥാനത്തെത്തി. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്കും കനത്ത തിരിച്ചടിയായി. നോട്ടക്കും പിറകിലാണ് ബി.ജെ.പിക്ക് ലഭിച്ച വോട്ടുകൾ. 
രണ്ടില ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ദിനകരൻ നിലവിൽ ജാമ്യത്തിലാണ്.
 

Latest News