റിയാദ് - സൗദികളും വിദേശികളും അടക്കം സൗദിയിൽ കഴിയുന്ന ഓരോരുത്തരുടെയും പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ, ഡാറ്റ സിം കാർഡുകളുടെ നമ്പറുകൾ അറിയുന്നതിന് സഹായിക്കുന്ന പുതിയ സേവനം ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. അർഖാമീ എന്നാണ് പുതിയ സേവനത്തിന് പേരിട്ടിരിക്കുന്നത്. സൗദിയിൽ പ്രവർത്തിക്കുന്ന ഏതു ടെലികോം കമ്പനിയിലും തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ അറിയുന്നതിന് പുതിയ സേവനം ഉപയോക്താക്കളെ സഹായിക്കും. ഇതിന് സി.ഐ.ടി.സി വെബ്‌സൈറ്റിലെ അർഖാമീ സേവനത്തിൽ തങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറുകൾ നൽകുകയാണ് വേണ്ടത്.
തങ്ങൾ അറിയാതെ തങ്ങളുടെ പേരിൽ മറ്റുള്ളവർ നിയമ വിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ച് ദുരുപയോഗിക്കുന്നതിന് അറിയുന്നതിന് പുതിയ സേവനം ഉപയോക്താക്കളെ സഹായിക്കും. തങ്ങൾ അറിയാതെ തങ്ങളുടെ പേരിൽ സിം കാർഡുകൾ രജിസ്റ്റർ ചെയ്തതായോ സിം കാർഡ് റദ്ദാക്കുന്നതിന് നേരത്തെ നൽകിയ അപേക്ഷ ടെലികോം കമ്പനികൾ നടപ്പാക്കാതിരിക്കുകയോ ചെയ്തതായി കണ്ടെത്തുന്ന പക്ഷം അതേ കുറിച്ച് ഉടനടി ഉപയോക്താക്കൾ ടെലികോം കമ്പനികൾക്ക് പരാതികൾ നൽകണം. ഇതിനുള്ള സൗകര്യം സി.ഐ.ടി.സി വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റിലെ പരാതി സേവന വിഭാഗത്തിൽ പ്രവേശിച്ച് ടെലികോം കമ്പനിയെയും പരാതിയുടെ ഇനവും തെരഞ്ഞെടുത്തും വിയോജിപ്പിന് അടിസ്ഥാനമായ ഫോൺ നമ്പർ നൽകിയുമാണ് പരാതി നൽകേണ്ടത്. ടെലികോം കമ്പനി നൽകുന്ന മറുപടി ശരിയല്ലെങ്കിലും അഞ്ചു ദിവസത്തിനകം പരാതികൾക്ക് പരിഹാരം കാണാതിരിക്കുകയും ചെയ്യുന്ന പക്ഷം ഉപയോക്താക്കൾക്ക് സി.ഐ.ടി.സിക്ക് നേരിട്ട് പരാതി നൽകാവുന്നതാണ്.
സൗദിയിൽ മൊബൈൽ ഫോൺ സിം കാർഡുകളെ ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ മൊബൈൽ ഫോൺ റീ ചാർജിംഗിനും ക്രെഡിറ്റ് ട്രാൻസ്ഫറിനും സിം കാർഡ് രജിസ്റ്റർ ചെയ്ത ഉപയോക്താവിന്റെ തിരിച്ചറിയൽ കാർഡ് നമ്പർ കൂടി നൽകണമായിരുന്നു. മുഴുവൻ സിം കാർഡുകളെയും വിരലടയാളങ്ങളുമായി ബന്ധിപ്പിച്ചതോടെ ഈ വ്യവസ്ഥ അടുത്തിടെ സി.ഐ.ടി.സി റദ്ദാക്കിയിരുന്നു. മറ്റുള്ളവരുടെ വിരലടയാളങ്ങളും തിരിച്ചറിയൽ കാർഡ് നമ്പറുകളും ദുരുപയോഗിച്ച് ഇപ്പോഴും അനധികൃത സിം കാർഡ് വിൽപന നടക്കുന്നുണ്ടെന്ന് അടുത്തിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾക്കിടെ കണ്ടെത്തിയിരുന്നു.