ന്യൂദല്‍ഹി- കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകളെ വിമര്‍ശിച്ച പ്രമുഖ വൈറോളജിസ്റ്റ് ഡോ. ശാഹിദ് ജമീല്‍ കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് ശാസ്ത്ര ഉപദേശക സമിതിയില്‍ നിന്ന് രാജിവച്ചു. ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ജനിതക ശ്രേണീകരണത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ രൂപീകരിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതിയായ ഇന്ത്യന്‍ സാര്‍സ് കോവ്2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യയുടെ അധ്യക്ഷനായിരുന്നു ശാഹിദ് ജമീല്‍. രാജിക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
കൊറോണ വൈറസിന്റെ തീവ്രതയേറിയ പുതിയ വകഭേദത്തെ കുറിച്ച് മാര്‍ച്ച് ആദ്യത്തില്‍ തന്നെ ഡോ. ശാഹിദ് ജമീലിന്റെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗവത്തിലെടുത്തില്ല. ഈ വൈറസ് വകഭേദമാണ് ഇന്ത്യയില്‍ രണ്ടാം തരംഗം അതിരൂക്ഷമാക്കുകയും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്നതും.
![]() |
25 രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് നെതന്യാഹു, ഇന്ത്യ എവിടെയെന്ന് ട്വിറ്ററില്‍ ചോദ്യം |
ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങളെ കുറിച്ചും അതിന്റെ പോരായ്മകളെ കുറിച്ച് ഈയിടെ ശാഹിദ് ജമീല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനമെഴുതിയിരുന്നു. സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കി വിവിധ ഇന്ത്യന്‍ മാധ്യമങ്ങളിലും അദ്ദേഹം എഴുതാറുണ്ട്. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തോട് വഴങ്ങാത്ത സര്‍ക്കാര്‍ സമീപനമാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ വിടവുകളുണ്ട്. ഇതുപരിഹരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിതുറക്കുകയും വൈറസിനെ നിയന്ത്രിക്കാനും വ്യാപനതോത് മുന്‍കൂട്ടി കാണാനും സഹായകമാകുന്ന കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 30ന് 800ലേറെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു.