പട്‌ന- കാലത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും കുറ്റക്കാരനെന്ന് വിധിച്ച ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചി ജയിലില്‍ വി.ഐ.പി പരിഗണനു ലഭിച്ചെങ്കിലും അദ്ദേഹത്തിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ. രാവിലെ ചായയും ബിസ്‌കറ്റും കഴിച്ചു. ഇന്ന് ഞായറാഴ്ചയായതിനാല്‍ സന്ദര്‍ശകരെയൊന്നും അനുവദിക്കില്ല. നാളെ രാവിലെ എട്ട് മണി മുതല്‍ 12 വരെ സന്ദര്‍ശകര്‍ക്കു വരാം.
ടെലിവിഷനും പത്രവും കൊതുകു വലയുമൊക്കെ അനുവദിച്ച അദ്ദേഹത്തിന് വീട്ടില്‍ പാചകം ചെയ്ത ഭക്ഷണവും കഴിക്കാം. വേണമെങ്കില്‍ സ്വന്തമായി ഭക്ഷണമുണ്ടാക്കാനുള്ള സംവിധാനവുമുണ്ട്.
2014ല്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ലാലു പ്രസാദിന് പ്രത്യേക ഭക്ഷണ ക്രമങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മറ്റു തടവുകാര്‍ക്ക് ലാലുവിനെ കാണാന്‍ കഴിയില്ല.
ലാലു ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്നാണ് സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ജനുവരി മൂന്നിന് ശിക്ഷ വിധിക്കും. ലാലുവിനെയും മറ്റ് പ്രതികളെയും കഴിഞ്ഞ ദിവസം തന്നെ ജയിലിലേക്ക് മാറ്റിയിരുന്നു.
1990ന് ശേഷം ലാലു സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനും പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് ഉത്തരവിട്ടിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് കാലിത്തീറ്റ കേസില്‍ ലാലു ബിര്‍സ മുന്‍ഡ ജയിലിലെത്തുന്നത്. ശിക്ഷ വിധിക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റിയതിനാല്‍ ലാലുവിന്റെ പുതുവര്‍ഷം ജയിലിലാകും. ലാലുവിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.
1996ലാണ് കാലിത്തീറ്റ തട്ടിപ്പ് പുറത്തു വന്നത്. ഇല്ലാത്ത കന്നുകാലികളുടെ പേരില്‍ കാലിത്തീറ്റയും മരുന്നും മൃഗസംരക്ഷണ ഉപകരണങ്ങളും വാങ്ങിയതിന്റെ വ്യാജരേഖകളുണ്ടാക്കി ട്രഷറികളില്‍ നിന്ന് 900 കോടിയോളം രൂപ വര്‍ഷങ്ങള്‍ നീണ്ട തട്ടിപ്പിലൂടെ കൊള്ളയടിച്ചുവെന്നാണ് ആരോപണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക്, ട്വിറ്റര്‍ ലൈക്ക് ചെയ്യൂ