ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ പതിച്ചതിന് ഇതുവരെ ദല്‍ഹി പോലീസ് 25 പേരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്. കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശന പോസ്റ്ററുകളുടെ പേരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് നിരവധി പേരെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. 19കാരനും 30കാരനായ ഓട്ടോ ഡ്രൈവറും 61 വസയ്യുള്ള കാര്‍പെന്ററും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. പോലീസ് അറസ്റ്റ് ചെയ്തവരില്‍ ഏറെ പേരും ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരും തൊഴില്‍രഹിതരായ യുവാക്കളുമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
ഇവര്‍ക്ക് ഈ പോസ്റ്ററിലെ രാഷ്ട്രീയമോ അതിന്റെ ഉള്ളടക്കത്തെ കുറിച്ചോ അറിവുമില്ല. പിടിയിലായവരില്‍ ഏറെ പേരും പോസ്റ്ററുകള്‍ ഒട്ടിച്ച് നിസ്സാര കൂലിക്ക് തൊഴില്‍ കണ്ടെത്തുന്നവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇവരെ ഈ ജോലി ഏല്‍പ്പിച്ചവരെ പിടികൂടുമെന്നും അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറായ ധിരേന്ദര്‍ കുമാറിന്റെ ഓഫീസിലെ സ്റ്റാഫ് തനിക്ക് 20 പോസ്റ്ററുകള്‍ നല്‍കിയിരുന്നുവെന്നും ഇവ കല്യാണ്‍പുരിയില്‍ പതിച്ചാല്‍ 600 രൂപ പ്രതിഫലം നല്‍കാമെന്ന് വാഗ്്ദാനം നല്‍കിയിരുന്നതായും അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ 24കാരന്‍ രാഹുല്‍ ത്യാഗി പറയുന്നു. ജീവിക്കാന്‍ വേണ്ടി മാത്രമാണ് ഇതു ചെയ്തതെന്നും രാഹുല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തനിക്കൊപ്പം അറസ്റ്റിലായവരുടെ അവസ്ഥയും ഇതാണെന്നും രാഹുല്‍ പറയുന്നു.
ദല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 25 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. 'മോഡി ജി, ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു' എന്നെഴുതിയ പോസ്റ്ററുകളാണ് ഇവര്‍ നഗരത്തില്‍ പലയിടങ്ങളിലായി പതിച്ചത്. ഇതു സംബന്ധിച്ച് അന്വേഷണം തുടരുകയാണന്നും കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നും ദല്‍ഹി പോലിസ് പറയുന്നു.