വാഷിംഗ്ടൺ- സർക്കാരിന്റെ കൊറോണ പുനരധിവാസ ഫണ്ടുകൾ തട്ടിയെടുത്ത് കോടികളുടെ ആഡംബര കാറുകൾ വാങ്ങിക്കൂട്ടിയ യുവാവ് അറസ്റ്റിൽ. അമേരിക്കയിലാണ് സംഭവം. കൊറോണ കാലത്ത് ജീവിതം വഴിമുട്ടി നിൽക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോൺ നേടിയ ഇർവിൻ സ്വദേശിയായ മുസ്തഫ ഖ്വാദിരി എന്ന യുവാവാണ് ഒടുവിൽ പൊലീസ് പിടിയിലായത്. കൊറോണയുടെ പശ്ചാത്തലത്തിൽ വഴിമുട്ടിയ ജീവിതം കരുപ്പിടിപ്പിക്കാൻ പൗരൻമാരെ സഹായിക്കുന്നതിന് അമേരിക്ക ആരംഭിച്ച പദ്ധതിയാണ് 38കാരനായ മുസ്തഫ ദുരുപയോഗം ചെയ്തത്. അഞ്ച് ലക്ഷം യുഎസ് ഡോളർ ആണ് യുവാവ് ലോൺ വഴി തെറ്റിദ്ധരിപ്പിച്ച് സ്വന്തമാക്കിയത്. പേയ്‌മെന്റ് പ്രൊട്ടക്ഷൻ പ്രോഗ്രാമിന് കീഴിലായിരുന്നു ലോണുകൾ അനുവദിച്ചത്. ഈ പണം കൊണ്ട് ഫെറാരി, ലംബോർഗിനി, ബെൻറ്‌ലി തുടങ്ങിയ കോടികൾ വിലയുള്ള അത്യാഡംബര കാറുകൾ ഇയാൾ വാങ്ങിക്കൂട്ടുകയായിരുന്നു.