Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ ഈദ് ദിവസം രണ്ട് ഇന്ത്യക്കാരെ പോലീസ് വീട്ടില്‍കയറി പിടികൂടി; പ്രതിഷേധവുമായി നാട്ടുകാര്‍ വളഞ്ഞതോടെ വിട്ടയച്ചു

ലണ്ടന്‍- സ്‌കോട്‌ലന്‍ഡ് നഗരമായ ഗ്ലാസ്‌ഗോയില്‍ പെരുന്നാള്‍ ദിനത്തില്‍ രണ്ട് ഇന്ത്യന്‍ യുവാക്കളെ കുടിയേറ്റ കുറ്റകൃത്യം ആരോപിച്ച് പോലീസ് വീട്ടില്‍ കയറി പിടികൂടി. പ്രത്യേക വാഹനത്തില്‍ ഇവരെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ സമീപവാസികള്‍ കുട്ടമായെത്തി വാഹനം വളഞ്ഞു. എട്ടു മണിക്കൂറുകളോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ക്ക് ഒടുവില്‍ രണ്ടു പേരേയും സ്വതന്ത്രരാക്കേണ്ടി വന്നു. ബ്രിട്ടനില്‍ 10 വര്‍ഷത്തോളമായി കഴിയുന്ന ഷെഫ് ആയ സുമിത്  സഹദേവ്, മെക്കാനിക്കായ ലഖ്‌വീര്‍ സിങ് എന്നിവരെയാണ് ബ്രിട്ടീഷ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സമെന്റ് ഓഫീസര്‍മാര്‍ സ്‌കോട്‌ലന്‍ഡ് പേലീസിന്റെ അകമ്പടിയിലെത്തി കസ്റ്റഡിയിലെടുത്തത്.


അവസാന നിമിഷം 48 പേര്‍ക്ക് പോസിറ്റീവ്, ഇന്ത്യയില്‍നിന്ന് 72 പേരുടെ യാത്ര മുടങ്ങി

ഗ്ലാസ്‌ഗോയിലെ പോളോഷീല്‍ഡ്‌സിലെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടു വന്ന ഇവരെ പോലീസ് വാനില്‍ കയറ്റിയതോടെ പ്രതിഷേധവുമായി വന്‍ ജനക്കൂട്ടം രണ്ടു പേരുടെ മോചനം ആവശ്യപ്പെട്ട് വാഹനം വളയുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു. ഈദ് ദിനത്തില്‍ ഇത് ആഭ്യന്തര വകുപ്പിന്റെ പ്രകോപനപരമായ നീക്കമാണ്. അധികൃതര്‍ ഇവരുടെ ജീവന് വിലകല്‍പ്പിക്കുന്നില്ലെങ്കിലും ഗ്ലാസ്‌ഗോയിലെ ജനങ്ങള്‍ ഈ രണ്ടു പേരുടേയും ജീവന് വില കല്‍പ്പിക്കുന്നുണ്ട്- പാക്കിസ്ഥാന്‍ വംശജനായ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ആമര്‍ അന്‍വര്‍ പറഞ്ഞു. അഭയാര്‍ത്ഥികളുടെ പരിശ്രമത്തില്‍ കെട്ടിപ്പടുത്തതാണീ നഗരമെന്നും അവരുടെ രക്തവും വിയര്‍പ്പും അധ്വാനവുമാണി നഗരമെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ടത്തിന്റെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃര്‍ രണ്ട് ഇന്ത്യക്കാരേയും മോചിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മോചിതരായ ഉടന്‍ സുമിത് സഹദേവും ലഖ്‌വീര്‍ സിങും ആമന്‍ അന്‍വറിനൊപ്പം സമീപത്തെ മസ്ജിദിലേക്കാണ് പോയത്. ഇവിടെ തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ ഇരുവരേയും കയ്യടിച്ചും ആഹ്ലാദരവങ്ങള്‍ മുഴക്കിയും വരവേറ്റു. അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം, പോലീസ് വീട്ടിലേക്കു പോകുക, ഞങ്ങളുടെ അയല്‍ക്കാരെ വെറുതെ വിടുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ഈദ് ദിവസം മുസ്ലിം സമുദായംഗങ്ങള്‍ക്കിടയില്‍ വന്ന് ഇത് ചെയ്തത് എന്തിനെന്ന് ആഭ്യന്തര വകുപ്പ് സ്വയം ചോദിക്കേണ്ടതുണ്ട്. ഗൗരവമേറിയ കോവിഡ് സമയത്ത് ഇത് ചെയ്തത് നിരുത്തവാദപരമാണ്. അഭയാര്‍ത്ഥി, കുടിയേറ്റ നയത്തിലെ ആഴത്തിലുള്ള പ്രശ്‌നങ്ങളാണ് ഇത് കാണിക്കുന്നതെന്നും സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നികോള സ്റ്റര്‍ജന്‍ ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ഈ നടപടിയില്‍ നിന്ന് പിന്മാറണമെന്ന് ഇവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കുടിയേറ്റ കുറ്റകൃത്യം സംശയിച്ചാണ് ഓപറേഷന്‍ നടത്തിയതെന്ന് ആഭ്യന്തര വകുപ്പ് കുറിപ്പില്‍ വ്യക്തമാക്കി. സുരക്ഷയും പൊതുജനാരോഗ്യവും കണക്കിലെടുത്ത് രണ്ടു പേരേയും ജാമ്യത്തില്‍ വിട്ടുവെന്ന് പോലീസ് സ്‌കോട്‌ലന്‍ഡും അറിയിച്ചു.

Latest News