അകോല- ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാളെ വിവാഹം ചെയ്ത 35കാരിയായ യുവതിക്ക് മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ ജാതി നേതാക്കളുടെ നാട്ടുകോടതി വിചിത്ര ശിക്ഷ വിധിച്ചു. നേതാക്കളെല്ലാം ഒരു വാഴയിലയില്‍ തുപ്പും, അത് നക്കിത്തുടക്കാനാണ് ജാതികോടതി യുവതിയൊട് ഉത്തരവിട്ടത്. ഇതിനു പുറമെ ഒരു ലക്ഷം രൂപ പിഴയായി നല്‍കണമെന്നും എങ്കിലെ ജാതിയിലേക്ക് തിരികെ പ്രവേശിപിക്കൂവെന്നും ജാതി നേതാക്കള്‍ യുവതിയോട് ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവിനെ സധൈര്യം നേരിട്ട യുവതി ജാതി നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയാണ് മറുപടി നല്‍കിയത്.
കഴിഞ്ഞ മാസമാണ് ഈ സംഭവം നടന്നത്. യുവതി അനധികൃത നാട്ടുകോടതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ജലഗാവ് സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ സാമൂഹിക ഭ്രഷ്ട് തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി 10 ജാതി നോതാക്കള്‍ക്കെതിരെ കേസെടുത്തതായി അകോല ജില്ലാ അധികൃതര്‍ അറിയിച്ചു. ജല്‍ഗാവിലെ ചോപ്ഡ സിറ്റി പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നത് അകോല ജില്ലയില്‍ ആയതിനാല്‍ കേസ് അവിടത്തെ പിന്‍ജാര്‍ പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
അകോലയിലെ വഡഗാവ് ഗ്രാമത്തില്‍ ഏപ്രില്‍ ഒമ്പതിനാണ് സംഭവം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. നാഥ് ജോഗി സമുദായംഗമാണ് യുവതി. എന്നാല്‍ 2015ല്‍ മുന്‍ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം 2019ല്‍ പുതിയ വിവാഹം നടത്തിയത് ജാതി നേതൃത്വം അംഗീകരിച്ചില്ല. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്ത് ശിക്ഷ തീരുമാനിക്കാനാണ് കഴിഞ്ഞ മാസം ജാതി നേതൃത്വം നാട്ടുകോടതി ചേര്‍ന്നത്. യുവതിയുടെ അഭാവത്തിലായിരുന്നു ഇത്. യുവതിയെ സഹോദരിയേയും ബന്ധുക്കളേയും വിളിച്ചു വരുത്തി ശിക്ഷാ വിധി അറിയിക്കുകയായിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ യുവതിയെ അറിയിക്കുകയായിരുന്നു. വിധികേട്ട യുവതി പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.