ഹൈദരാബാദ്- തെലങ്കാനയിലെ സാഹിറാബാദ് സ്വദേശിയായ 20കാരന്‍ കൃഷ്ണ ദിവസങ്ങള്‍ക്കു മുമ്പാണ് കോവിഡ് ബാധിച്ച ഭാര്യയെ ചികിത്സിക്കാന്‍ 115 കിലോമീറ്റര്‍ ദുരം സഞ്ചരിച്ച് സെക്കന്തരാബാദിലെ ഗാന്ധി ഹോസ്പിറ്റലില്‍ എത്തിയത്. ഗര്‍ഭിണിയായ ഭാര്യ ആശ അഞ്ച് ദിവസം മുമ്പ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോവിഡ് സാഹചര്യം ചുണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ കുഞ്ഞിനെ കൃഷ്ണയ്ക്കു കൈമാറിയെങ്കിലും ഭാര്യ ആശ ആശുപത്രി വിടുന്നതു വരെ കൈക്കുഞ്ഞുമായി പുറത്ത് കാത്തു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു കൃഷ്ണ. ഗാന്ധി ഹോസ്പിറ്റല്‍ മെട്രോ സ്റ്റേഷനിലെ കോണിപ്പടിയിലാണ് അഞ്ചു ദിവസമായി കൃഷണ കൈക്കുഞ്ഞുമായി കഴിച്ചു കൂട്ടുന്നത്. തൊട്ടടുത്ത താമസ കേന്ദ്രത്തിലേക്കു പോയാല്‍ കുഞ്ഞിനെ ആരെങ്കിലും മോഷ്ടിക്കുമെന്ന് ഭയന്നാണ് മെട്രോ സ്റ്റേഷനിലെ കോണിപ്പടിയില്‍ തന്നെ കൃഷ്ണ കഴിച്ചുകൂട്ടുന്നത്.
നവജാത ശിശുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 16 ഇനങ്ങളടങ്ങിയ കിറ്റ് മാത്രമാണ് കൃഷണയുടെ കയ്യിലുള്ളത്. സഹായത്തിനായി കൃഷ്ണയുടെ അമ്മയും എത്തിയിട്ടുണ്ട്. ഇതുവരെ പാല്‍പ്പൊടി കലക്കിയതും ചെറുചുടുവെള്ളവും മാത്രമാണ് കുഞ്ഞിന് നല്‍കിയതെന്ന് കൃഷ്ണ പറയുന്നു. ഈ ദുരവസ്ഥ വാര്‍ത്തയാക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് ഇവരെ സ്വന്തം നാട്ടിലെത്തിക്കാനുള്ള സാഹയങ്ങള്‍ ചെയ്തു നല്‍കി.