ഗുവാഹതി- അസമില്‍ കനത്ത ഇടിമിന്നലില്‍ പതിനെട്ട് ആനകള്‍ മരിച്ചു. നഗാവ് ജില്ലയിലെ വനപ്രദേശത്താണ് ആനകള്‍ കൂട്ടത്തോടെ ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാത്തിയതോലി ഫോറസ്റ്റ് റേഞ്ചില്‍ പെടുന്ന കുന്ദോലി മലയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ അമിത് സഹായി പറഞ്ഞു. സംഭവത്തില്‍ ഞെട്ടല്‍ അറിയിച്ച മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ, എത്രയും വേഗം ദുരന്തസ്ഥലത്തെത്താന്‍ വനംവകുപ്പ് മന്ത്രി പരിമള്‍ ശുക്ലയ്ക്ക് നിര്‍ദേശം നല്‍കി.. വനത്തിലെ ഉള്‍പ്രദേശമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് അധികൃതര്‍ സ്ഥലത്തെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആനകളുടെ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത നിലവിലുണ്ട്. 18 ആനകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നതെങ്കിലും യഥാര്‍ഥത്തില്‍ 20 ല്‍ അധികം ആനകള്‍ മരിച്ചുവെന്നും പറയപ്പെടുന്നു. ഉള്‍വനമായതിനാല്‍ വ്യാഴാഴ്ച വൈകിട്ടോടെ മാത്രമാണ് ഞങ്ങളുടെ ടീമിന് അവിടെയെത്താനായത്. അവിടെ രണ്ട് ഗ്രൂപ്പുകളയാണ് ആനകളുടെ മൃതദേഹം കണ്ടെത്തിയത്. 14 ആനകളുടെ മൃതദേഹം മലയുടെ മുകളില്‍ നിന്നാണ് കണ്ടെത്തിയത്. നാലെണ്ണത്തിന്റേത് അടിവാരത്ത് നിന്നും' എന്നാണ് അമിത് സഹായിയുടെ വാക്കുകള്‍.
പ്രാഥമിക അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ ആണ് ആനകള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. എങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നശേഷം മാത്രമെ യഥാര്‍ഥ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളു എന്നും സഹായി കൂട്ടിച്ചേര്‍ത്തു. ആനകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.