Sorry, you need to enable JavaScript to visit this website.

കൊറോണ വൈറസ് വെള്ളത്തിലൂടെ പകരാന്‍  സാധ്യതയില്ല - വിദഗ്ധന്‍

ന്യൂദല്‍ഹി-ഗംഗ, യമുന നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍. നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്ന് ഐഐടികാണ്‍പൂരിലെ പ്രൊഫസര്‍ സതീഷ് താരെ അഭിപ്രായപ്പെട്ടു. എന്നാല്‍, രാജ്യം കോവിഡ് പ്രതിസന്ധിയിലായ ഈ സമയത്ത്, ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് ഗൗരവമേറിയ കാര്യമാണെന്ന് സതീഷ് താരെ പറഞ്ഞു. ഗംഗയും യമുനയും പല ഗ്രാമങ്ങളുടെയും നദീതീര തദ്ദേശ സ്ഥാപനങ്ങളുടെയും പ്രധാന കുടിവെള്ള സ്രോതസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് മലിനീകരണത്തിലേക്ക് നയിക്കുമെങ്കിലും വൈറസിന്റെ പ്രഭാവം കാര്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജലവിതരണ സംവിധാനത്തിലൂടെ കടന്നുപോകുന്ന വെള്ളം സാധാരണ നിലയില്‍ ശുദ്ധീകരിക്കുമെന്നും അതേസമയം, ആളുകള്‍ നദിയില്‍ നിന്ന് നേരിട്ട് വെള്ളം എടുക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും നദികളില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ, ഗാസിപുര്‍ ജില്ലകളില്‍ നിന്നായി 45 മൃതശരീരങ്ങള്‍ ഗംഗാ നദിയില്‍ കണ്ടെത്തി. ബിഹാറിലെ ബക്‌സറില്‍ ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് സംശയം.

Latest News